അറ്റകുറ്റപണികൾ ഉടൻ പൂർത്തീകരിക്കണം; ദുബൈ വിമാനത്താവളം റൺവേ ഭാഗികമായി അടച്ചു
എയർ ഇന്ത്യയുടെ കൊച്ചി, ഡൽഹി, മുംബൈ സർവീസ് ഉൾപ്പടെ 13 സർവീസുകൾ ദുബൈ സെൻട്രലിലേക്ക് മാറ്റിയിട്ടുണ്ട്
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയുടെ ഒരുഭാഗം ഇന്ന് മുതൽ അറ്റകുറ്റപണിക്കായി അടച്ചു. ജൂൺ 22 വരെ പല വിമാനങ്ങളും ഇനി ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളം വഴിയാണ് സർവീസ് നടത്തുക. പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുബൈയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള പല വിമാനങ്ങളും അടുത്ത 45 ദിവസം ജബൽ അലിയിലെ മക്തൂം വിമാനത്താവളം അഥവാ ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളം വഴിയാണ് സർവീസ് നടത്തുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളവും ദുബൈ സെൻട്രൽ വിമാനത്താവളവും തമ്മിൽ 60 കിലോമീറ്ററിൽ കൂടുതൽ ദൂരവ്യത്യാസമുള്ളതിനാൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളവും ടെർമിനലും യാത്രക്കാർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലെങ്കിൽ യാത്ര മുടങ്ങാൻ സാധ്യതയുണ്ട്.
എയർ ഇന്ത്യയുടെ കൊച്ചി, ഡൽഹി, മുംബൈ സർവീസ് ഉൾപ്പടെ 13 സർവീസുകൾ ദുബൈ സെൻട്രലിലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈ, ബംഗ്ലൂരു, ഗോവ സർവീസുകൾ ഷാർജ വിമാനത്താവളം വഴിയാണ്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സർവീസ് ഉൾപ്പെടെ 12 വിമാനങ്ങളുടെ സർവീസ് ഡബ്ലിയു സി വിമാനത്താവളം വഴിയാണ്. ഫ്‌ലൈ ദുബൈയുടെ പല കേരളാ സെക്ടർ സർവീസുകളും ഇങ്ങനെ മാറ്റിയിട്ടുണ്ട്.