അൽജീരിയ സ്ട്രീറ്റ് റോഡ് നവീകരണം; ട്രാഫിക് 50ശതമാനം കുറയും, യാത്ര കൂടുതൽ എളുപ്പമാകും
തൂനിസ് സ്ട്രീറ്റ് , അൽ മുഹൈസ്‌ന, അൽ മിസാർ വരെയുള്ള 2 കിലോമീറ്റർ നീളത്തിലാണ് റോഡ് വിപുലീകരണം.
ദുബൈയിൽ ഒരു റോഡ് നവീകരണ പദ്ധതികൂടി പൂർത്തീകരിച്ച് റോഡ് ഗതാഗത അതോറിറ്റി. നഗരത്തിലെ അൽജീരിയ സ്ട്രീറ്റിന്‍റെയും അൽ ഖവാനീജ് സ്ട്രീറ്റിന്‍റെയും ജങ്ക്ഷൻ മുതലുള്ള നവീകരണമാണ് പൂർത്തിയായത്. തൂനിസ് സ്ട്രീറ്റ് , അൽ മുഹൈസ്‌ന, അൽ മിസാർ വരെയുള്ള 2 കിലോമീറ്റർ നീളത്തിലാണ് റോഡ് വിപുലീകരണം.
അൽജീരിയ സ്ട്രീറ്റിലെ റോഡിന്‍റെ ഇരുഭാഗത്തും ഓരോ ലൈൻ വീതം പദ്ധതിയുടെ ഭാഗമായി കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ രണ്ട് ലൈനായിരുന്നത് നിലവിൽ മൂന്നായാണ് വർധിപ്പിച്ചത്. ഇതോടെ റോഡിലെ ഇരുഭാഗത്തും മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം 6,000ത്തിൽ നിന്ന് 9,000 ആയി വർധിച്ചുവെന്ന്ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ്അൽ ശെഹി പറഞ്ഞു.
പദ്ധതി മുഖേന നിലവിലെ റൗണ്ട് എബൗട്ടിനെ സിഗ്നലോടെയുള്ള ജങ്ക്ഷനാക്കി മാറ്റിയിട്ടുണ്ട്. ഇടത് ഭാഗത്തേക്ക് തിരിയുന്നതിന് ഇതുവഴി സാധിക്കും.നവീകരണ പ്രവർത്തനങ്ങൾ റോഡിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം, തിരക്കുള്ള സമയങ്ങളിൽ അൽ ഖവാനീജ് സ്ട്രീറ്റിൽ നിന്ന് തൂനിസ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് 7 മിനിറ്റായി കുറക്കാനും സഹായിക്കും.
ഇതനുസരിച്ച്മേഖലയിലെ ട്രാഫിക് 50ശതമാനം കുറയുകയും യാത്ര എളുപ്പമാകുകയും ചെയ്യും. മുഹൈസിനയിലെയും അൽ മിസാറിലെയും റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾക്ക് ഏറെ ഗുണകരമാകുന്നതാണ് വിപുലീകരണം. അൽജീരിയ സ്ട്രീറ്റിന്‍റെ ഇടതുവശത്ത് സ്ട്രീറ്റ് 11 മുതൽ സ്ട്രീറ്റ് 27 വരെയും വലതുവശത്ത് സ്ട്രീറ്റ് 27 മുതൽ തൂനിസ് സ്ട്രീറ്റ് വരെയും സൈക്ലിങ്ട്രാക്കുകളും കാൽനടക്കാർക്കുള്ള പാതകളും വികസിപ്പിച്ചിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തി അൽജീരിയ സ്ട്രീറ്റിന്‍റെ ഇരുവശങ്ങളിലും സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്.