19 താമസസ്ഥലങ്ങളിൽ പുതിയ റോഡുകൾ; നിർമാണം ആരംഭിച്ച് ആർടിഎ
റോഡുകളുടെ നിർമാണം പൂർത്തിയായാൽ യാത്രാ സമയം 40 ശതമാനം വരെ കുറയുമെന്ന് ആർടിഎ
ദുബൈ: ദുബൈയിലെ റോഡ് ശൃഖല വിപുലപ്പെടുത്താനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് ആർടിഎ. 19 താമസ പ്രദേശങ്ങളിലെ റോഡ് നിർമാണത്തിനാണ് ആർടിഎ തുടക്കം കുറിച്ചത്.
അൽ ഖവാനീജ് വൺ, അൽ ബർഷ സൗത്ത് വൺ, ജുമൈറ വൺ, സബീൽ വൺ, അൽ റാഷിദിയ്യ, അൽ ഖൂസ് എന്നിങ്ങനെ 19 പ്രദേശങ്ങളിലാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുതിയ റോഡുകൾ നിർമിക്കുന്നത്. ട്രാഫിക് അപ്‌ഗ്രേഡ്, റോഡ് സൈഡ് പാർക്കിങ്, നടപ്പാതകൾ, തെരുവുവിളക്കുകൾ അടക്കമുള്ള സമഗ്ര റോഡ് വികസന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
റോഡുകളുടെ നിർമാണം പൂർത്തിയായാൽ യാത്രാ സമയം 40 ശതമാനം വരെ കുറയുമെന്ന് ആർടിഎ വ്യക്തമാക്കി. പതിനൊന്നര കിലോമീറ്ററാണ് റോഡുകളുടെ ആകെ നീളം. 2026 രണ്ടാം പാദത്തിൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശവാസികളുടെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം നഗരത്തിലെ വർധിച്ചു വരുന്ന ജനസംഖ്യ കൂടി കണക്കിലെടുത്താണ് റോഡ് വികസനമെന്ന് അധികൃതർ അറിയിച്ചു.
അടുത്ത മൂന്നു വർഷത്തിനിടെ, 16 ബില്യൺ ദിർഹമിന്റെ വൻകിട റോഡ് വികസന പദ്ധതികളാണ് ദുബൈയിൽ ആർടിഎ നടപ്പാക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പദ്ധതികൾ മുമ്പോട്ടു പോകുന്നത്.