യു.എ.ഇ മധ്യസ്ഥചർച്ച ഫലം കണ്ടു; റഷ്യയും യുക്രൈനും 200 ബന്ദികളെ മോചിപ്പിക്കും
ധാരണപ്രകാരം റഷ്യയും യുക്രൈനും നൂറ് വീതം ബന്ദികളെയാണ് മോചിപ്പിക്കുക.
ദുബൈ: യു.എ.ഇയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ 200 ബന്ദികളെ മോചിപ്പിക്കാൻ റഷ്യയും യുക്രൈനും തീരുമാനിച്ചു. ധാരണപ്രകാരം റഷ്യയും യുക്രൈനും നൂറ് വീതം ബന്ദികളെയാണ് മോചിപ്പിക്കുക.
യു.എ.ഇ വിദേശകാര്യമന്ത്രാലയമാണ് റഷ്യക്കും യുക്രൈനുമിടയിലെ മധ്യസ്ഥ ശ്രമം വിജയം കണ്ടതായി അറിയിച്ചത്. ഈ വർഷം മൂന്നാം തവണയാണ് ബന്ദിമോചനത്തിനായി യു.എ.ഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും ചർച്ച നടത്തുന്നത്. ചർച്ചയിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 200 പേർക്ക് മോചനം സാധ്യമായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സഹകരണത്തിന് ഇരു രാജ്യങ്ങളോടും യു.എ.ഇ നന്ദി അറിയിച്ചു. റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ 2022 ഡിസംബറിലാണ് യു.എ.ഇ ആദ്യ മധ്യസ്ഥചര്‍ച്ച നടത്തിയത്. പിന്നീട് കഴിഞ്ഞ ജനുവരിയിലും യു.എ.ഇ നടത്തിയ ശ്രമങ്ങളുടെ അടിസ്ഥാനത്തിൽ ബന്ദികളെ കൈമാറിയിരുന്നു.