സലാം എയർ കോഴിക്കോട്ടേക്ക്; ദുബൈയിൽ നിന്ന് ദിവസവും വിമാനം
ഒക്ടോബർ ആദ്യവാരം മുതലാണ് സലാം എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ദുബൈ: ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ 'സലാം എയർ' ദുബൈയിൽ നിന്നും ഫുജൈറയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നു. അടുത്തമാസം മുതലാണ് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് സർവീസിന് തുടക്കമാവുക. ദുബൈയിൽ നിന്ന് എല്ലാ ദിവസവും ഫുജൈറയിൽ നിന്ന് ആഴ്ചയിൽ രണ്ട് ദിവസവും കോഴിക്കോട്ടേക്ക് വിമാനമുണ്ടാകും.
ഒക്ടോബർ ആദ്യവാരം മുതലാണ് സലാം എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ദുബൈയിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ ആഴ്ചയിൽ എല്ലാ ദിവസവും മസ്കത്ത് വഴി കോഴിക്കോട്ടേക്ക് വിമാനമുണ്ടാകും. ഒക്ടോബർ രണ്ട് മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഫുജൈറയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് സർവീസുണ്ടാവുക.
ഈ ദിവസങ്ങളിൽ രാവിലെ 10:20 നും രാത്രി 7:50നും ഫുജൈറയിൽ നിന്ന് വിമാനം പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം പുലർച്ചെ 3.20 ന് വിമാനം കരിപ്പൂരിലിറങ്ങും. 361 ദിർഹമാണ് നിലവിൽ ഓൺലൈനിൽ ഫുജൈറ- കോഴിക്കോട് സർവീസിന് നിരക്ക്. കോഴിക്കോട് നിന്ന് പുലർച്ചെ 4.20ന് വിമാനം തിരിച്ചുപറക്കും. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം രാവിലെ 9.50നും രാത്രി 7.20നും ഫുജൈറയിൽ തിരിച്ചെത്താൻ വിമാനമുണ്ടാകും.
ദുബൈയിൽ നിന്നുള്ള കോഴിക്കോട് വിമാനങ്ങൾ രാത്രി 7.55ന് പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം പുലർച്ചെ 3.20ന് കരിപ്പൂരിൽ ഇറങ്ങും. 390 ദിർഹമാണ് നിലവിൽ ഓൺലൈനിൽ നിരക്ക് കാണിക്കുന്നത്. കോഴിക്കോടിന് പുറമെ, ഹൈദരബാദ്, ഗോവ എന്നിവിടങ്ങളിലേക്കും സലാം എയർ ഒക്ടോബറിൽ സർവീസ് ആരംഭിക്കുന്നുണ്ട്.