യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു; റാസൽഖൈമ ബീച്ചുകളിൽ ക്യാമ്പിന് വിലക്ക്
യു.എ.ഇയിൽ അടുത്തദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന സൂചന.
യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. ദുബൈ, അബൂദബി നഗരങ്ങളെ വരെ ബാധിച്ച രൂക്ഷമായ പൊടിക്കാറ്റ് ദൂരക്കാഴ്ച 500 മീറ്ററിൽ താഴെയായി കുറച്ചു. പൊടിക്കാറ്റ് പക്ഷേ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാല്‍ റാസൽഖൈമയിലെ ഓപ്പൺ ബീച്ചുകളിൽ ക്യാമ്പ് ഒരുക്കുന്നതിന് നഗരസഭ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇയിൽ അടുത്തദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന സൂചന. വേനൽചൂടും ഇതോടെ ശക്തമാകും. പൊടിക്കാറ്റ് ഒരാഴ്ച വരെ നീണ്ടുനിന്നേക്കുമെന്നാണ് അറിയിപ്പ്. ചില ഗൾഫ് രാജ്യങ്ങളിൽ പൊടിക്കാറ്റ് വിമാനസർവീസിനെ ബാധിച്ചെങ്കിലും യു.എ.ഇയിൽ വിമാനസർവീസുകൾ മാറ്റമില്ലാതെ നടന്നു. ഇന്ന് യു.എ.ഇയിലെമ്പാടും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റാസൽഖൈമയിലെ ബീച്ചുകളിൽ ക്യാമ്പുകളിൽ വിലക്കേർപ്പെടുത്തിയതിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമില്ല. ബീച്ചിൽ ക്യാമ്പ് ചെയ്യുന്നവർക്കെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ അറിയിച്ചു. ഓപ്പൺ ബീച്ചിൽ ക്യാമ്പ് ചെയ്യുന്നതിന് നഗരസഭ നേരത്തേ അനുമതി നൽകിയിട്ടില്ല. പക്ഷെ, മുൻകൂർ അനുമതിയില്ലാതെ പലരും ബീച്ചുകളിൽ ക്യാമ്പ് ഒരുക്കാറുണ്ട്. ഇത് ബീച്ചിലെത്തുന്ന മറ്റുള്ളവർക്കും, സമീപവാസികൾക്കും ശല്യമാകുന്ന സാഹചര്യത്തിലാണ് ക്യാമ്പിങ് വിലക്കാൻ തീരുമാനിച്ചത്