ഷാർജ പുസ്തകോൽസവം നവംബറിൽ; 12 ദിവസം തുടരും

ഇറ്റലിയാണ് ഇത്തവണ അതിഥി രാജ്യം

Update: 2022-09-20 15:41 GMT
Editor : banuisahak | By : Web Desk
Advertising

ഷാർജ: ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം നവംബർ രണ്ടിന് ആരംഭിക്കും. 12 ദിവസമാണ് ഇത്തവണ മേള നടക്കുക. ഇറ്റലിയാണ് ഈവർഷത്തെ അതിഥി രാജ്യം.

'വാക്ക് പ്രചരിപ്പിക്കുക' എന്ന സന്ദേശത്തിലാണ് 41 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം ഒരുക്കുന്നത്. നവംബർ രണ്ട് മുതൽ 13 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും അക്കാദമിക വിദഗ്ധരും സംഗമിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.

വാക്കിന്‍റെ ശക്തിയും നിത്യ ജീവിതത്തിലെ അതിന്റെ സ്വാധീനവും അടയാളപ്പെടുത്തുന്നതാണ് 'വാക്ക് പ്രചരിപ്പിക്കുക' എന്ന ആശയമെന്ന് പുസ്തകോൽസവത്തിന്‍റെ ജനറൽ കോഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു. ഈ മുദ്രാവാക്യത്തിലൂടെ പുസ്തകങ്ങളുടെ രണ്ട് പുറം ചട്ടക്കൾക്കിയിൽ ഒതുങ്ങാനല്ല വാക്കുകൾ കുറിക്കപ്പെടുന്നതെന്നും, എല്ലാ സൃഷ്ടിപരമായ പരിശ്രമങ്ങളുടെയും കാതലും ഹൃദയഭാഗവുമാണതെന്നും പറയാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വാർത്താകുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ നവംബറിൽ നടന്ന പുസ്തകോൽസവത്തിന്‍റെ 40ാം എഡിഷനിൽ ആയിരക്കണക്കിന് പ്രസാധകരും വായനാപ്രേമികളുമാണ് എത്തിച്ചേർന്നത്. നിരവധി മലയാള പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്യാറുണ്ട്. ഇത്തവണയും മലയാളത്തിൽ നിന്ന് കൂടുതൽ എഴുത്തുകാരും പുസ്തകങ്ങളും ഷാർജ പുസ്തകമേളയിൽ എത്തുമെന്നാണ് പ്രതീക്ഷ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News