ഷാർജ എക്‌സ്‌പോ സെൻറർ ഒരുങ്ങി; വായനയുടെ വിശ്വമേള ബുധനാഴ്ച വരെ
108 രാജ്യങ്ങൾ, രണ്ടായിരത്തിലേറെ പ്രസാധകർ
ഷാർജയുടെ മണ്ണിൽ വായനയുടെ വിശ്വമേളക്ക് ബുധനാഴ്ച കൊടിയേറ്റം. ഷാർജ എക്‌സ്‌പോ സെൻററിൽ 12 ദിവസം നീണ്ടുനിൽക്കുന്നതാണ് മേള. 'നാം പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു' എന്ന തീമിലാണ് ഇക്കുറി മേള സംഘടിപ്പിക്കുന്നത്.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻറെ 42ാം എഡിഷനാണ് മറ്റന്നാൾ തുടക്കം കുറിക്കുക. 108 രാജ്യങ്ങളിൽ നിന്ന് രണ്ടായിരത്തിലേറെ പ്രസാധകരെത്തുന്ന പുസ്തകോത്സവത്തിൽ 15 ലക്ഷം പുസ്തകങ്ങളുടെ കൂട്ടുണ്ടാകും.
കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാകും മേളയുടെ ഉദ്ഘാടനം കുറിക്കുക. കൊറിയയാണ് ഈ വർഷത്തെ അതിഥി രാജ്യം. കൊറിയൻ സംസ്‌കാരത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികൾ ദക്ഷിണ കൊറിയൻ പവലിയനിൽ സംഘടിപ്പിക്കും. മലയാളത്തിൽ നിന്നടക്കം പ്രഗത്ഭ എഴുത്തുകാരും ചിന്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കും. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് വന്നെത്തുക.
നീന ഗുപ്ത, നിഹാരിക എൻ.എം, കരീന കപൂർ, അജയ് പി. മങ്ങാട്ട്, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, കജോൾ ദേവ്ഗൻ, ജോയ് ആലുക്കാസ്, മല്ലിക സാരാഭായ്, ബർഖാ ദത്ത്, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വർഷത്തെ പുസ്തക മേളയിലെത്തുന്ന ഇന്ത്യൻ പ്രമുഖർ. ബാൾ റൂമിലും ഇൻറലിക്ച്വൽ ഹാളിലുമാണ് വിദ്യാർഥികൾക്ക് സെഷൻ ഒരുക്കുക. രാവിലെ 10 മുതൽ 12 വരെയാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന സന്ദർശന സമയം.