ഷാർജ-കണ്ണൂർ വിമാനം യാത്രക്കാരെ വലച്ചു; വൈകിയത് ആറര മണിക്കൂറിലേറെ
150 ലേറെ യാത്രക്കാർ ദുരിതത്തിലായി
ഷാർജ-കണ്ണൂർ വിമാനം ആറര മണിക്കൂറിലേറെ വൈകിയത് യാത്രക്കാരെ വലച്ചു. ഇന്ന് രാവിലെ എട്ടിന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 150 ലേറെ യാത്രക്കാരെ ദുരിതത്തിലാക്കിയത്. ബോർഡിങിനായി യാത്രക്കാരെ വിമാനത്തിലേക്ക് കൊണ്ടുപോകാൻ ബസിൽ കയറ്റിയ ശേഷം തിരിച്ചിറക്കുകയായിരുന്നു.
രാവിലെ എട്ടിന് തിരിക്കേണ്ട വിമാനത്തിൽ പോകാൻ മൂന്ന് മണിക്കൂർ മുമ്പേ ഷാർജ വിമാനത്താവളത്തിൽ എത്തി നടപടികൾ പൂർത്തിയാക്കി ബോർഡിങ് പാസ് കൈപറ്റിയ യാത്രക്കാരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വലച്ചത്. പുറപ്പെടുന്ന സമയം പലവട്ടം മാറ്റിപറഞ്ഞ ശേഷം ഉച്ചക്ക് പതിനൊന്നരയോടെ വിമാനത്തിലേക്ക് കൊണ്ടുപോകാൻ യാത്രക്കാരെ ബസിൽ കയറ്റി. പിന്നീട് സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് തിരിച്ചിറക്കി. അത്യാവശ്യമായി നാട്ടിലെത്തേണ്ട സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ വലഞ്ഞു.
ജർമനിയിൽ നിന്ന് കഴിഞ്ഞദിവസം നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരിയാകട്ടെ ഷാർജയിൽ കുടുങ്ങിപ്പോയ അവസ്ഥയിലായി. ആറര മണിക്കൂറോളം കഴിഞ്ഞ് ഉച്ചക്ക് രണ്ടരക്കാണ് പിന്നീട് IX 746 വിമാനം ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് പറന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സാങ്കേതിക തകരാറിന്റെ പേരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതും, തിരിച്ചിറക്കുന്നതും തുടർക്കഥയാവുകയാണ്.