ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇനി യു.എ.ഇയുടെ ഉപപ്രധാനമന്ത്രി
മറ്റു പുതിയ മന്ത്രിമാരും പ്രസിഡന്റിന് മുന്നിൽ പ്രതിജ്ഞയെടുത്ത് ചുമതലയേറ്റു
ദുബൈ: യു.എ.ഇയുടെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർക്ക് മുന്നിലാണ് പുതിയ പ്രതിരോധമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിജ്ഞ ചൊല്ലിയത്. അബൂദബി ഖസർ അൽ വതൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് യു.എ.ഇയുടെ പുതിയ മന്ത്രിമാർ ചുമതലയേറ്റത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു. കായിക മന്ത്രി അഹ്‌മദ് ബെൽഹൂൽ അൽ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരി, സംരംഭകത്വ സഹമന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്റൂയി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. അബ്ദുൾറഹ്‌മാൻ ബിൻ അബ്ദുൽമന്നാൻ അൽ അവാർ തൊഴിൽ മന്ത്രിയായും, ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പുകളുടെ ആക്ടിംഗ് മന്ത്രിയുമായും ചുമതലയേറ്റെടുത്തു.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്, യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു.