ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദിന് ഇന്ന് 75 -ാം പിറന്നാൾ; ആശംസകളറിയിച്ച് ഭരണനേതാക്കൾ

1949 ജുലൈ 15 നാണ് ലോകം ആദരിക്കുന്ന ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ ജനനം

Update: 2024-07-15 16:16 GMT
Advertising

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദിന് ഇന്ന് 75 വയസ്. പിറന്നാൾ ദിനത്തിൽ യു.എ.ഇ. രാഷ്ട്ര നേതാക്കൾ ശൈഖ് മുഹമ്മദിന് ആശംസകൾ നേർന്നു. 1949 ജുലൈ 15 നാണ് ലോകം ആദരിക്കുന്ന ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ ജനനം. ശൈഖ് മുഹമ്മദിന്റെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവെച്ചാണ് ദുബൈ കിരീടാവകാശിയും പുതിയ പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ പിതാവിന് ആശംസ അറിയിച്ചത്.

വലിയ സ്വപ്നങ്ങൾ കാണാനും, ഏറെ ഉയർന്ന് ചിന്തിക്കാനും പഠിപ്പിച്ച നേതാവാണ് ശൈഖ് മുഹമ്മദെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം ആശംസാ സന്ദേശത്തിൽ പറഞ്ഞു. അസാധ്യം എന്ന വാക്കിനെ പുനർനിർവചിച്ച് ജനങ്ങളുടെ സന്തോഷത്തിന് മുൻഗണന നൽകിയ നേതാവാണ് ശൈഖ് മുഹമ്മദ് എന്ന് മകളും ദുബൈ കൾച്ചർ ചെയർപേഴ്‌സനുമായ ശൈഖ ലത്തീഫ പറഞ്ഞു.

എഴുപത്തിയഞ്ചാം പിറന്നാളിന്റെ തൊട്ടുമുമ്പാണ് 53 വർഷമായി ശൈഖ് മുഹമ്മദ് കൈകാര്യം ചെയ്തിരുന്ന പ്രതിരോധ മന്ത്രി സ്ഥാനം ഇന്നലെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് കൈമാറിയത്. യു.എ.ഇ രൂപീകരിച്ച 1971 മുതൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമായിരുന്നു രാജ്യത്തിന്റെ പ്രതിരോധമന്ത്രി. ശൈഖ് ഹംദാനും, വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലക്കും ഉപപ്രധാനമന്ത്രി സ്ഥാനവും ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News