ശൈഖ് സഈദിന്റെ മൃതദേഹം ഖബറടക്കി; യുഎഇയിൽ ദുഃഖാചരണം തുടരുന്നു

ഖബറടക്കം അൽബത്തീൻ ഖബർസ്ഥാനിൽ

Update: 2023-07-27 21:15 GMT
Advertising

യുഎഇ രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ മൃതദേഹം ഖബറടക്കി. ശൈഖ് സഈദിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദുഃഖാചരണം തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് സഈദ് അന്തരിച്ചത്. 58 വയസായിരുന്നു.

രോഗബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന ശൈഖ് സഈദ് ബിൻ സായിദ് അൽനഹ്യാന്റെ വിയോഗം ഇന്നലെ പുലർച്ചെയാണ് പ്രസിഡൻഷ്യൽ കോർട്ട് സ്ഥിരീകരിച്ചത്. ഈമാസം 29 വരെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം തുടരും. യു എ ഇയിലെല്ലാം ദേശീയ പതാക പാതി താഴ്ത്തിക്കെട്ടി. യു എ ഇ മാധ്യമങ്ങൾ വിനോദ പരിപാടികൾ നിർത്തി വെച്ചു.

ഇന്നലെ ഉച്ചക്ക് അൽബത്തീൻ ഖബർസ്ഥാനിൽ അബൂദബി രാജകുടുംബാഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. ശൈഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിൽ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ, വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ്, അബൂദബി കിരീടാവാകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ്, വിദേശാകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്, സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് തുടങ്ങി അൽ നഹ്യാൻ കുടുംബത്തിലെ പ്രമുഖർ പങ്കെടുത്തു.

രാജ്യത്തെ മുഴുവൻ പള്ളികളിലും ളുഹറിന് ശേഷം മയ്യത്ത് നമസ്കാരം നടന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദടക്കം വിവിധ യു എ ഇ രാഷ്ട്രനേതാക്കളും, ജി സി സി രാഷ്ട്ര നേതാക്കളും നിര്യാണത്തിൽ അനുശോചിച്ചു. ബഹ്റൈൻ കിരീടാവാകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അബൂദബിയിൽ എത്തി കുടുംബത്തെ അനുശോചനമറയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News