യു.എ.ഇയില്‍ സ്റ്റേഡിയത്തില്‍ ഐപിഎല്‍ കാണാന്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ക്ക് പുറമേ പുതുതായി കാണികൾക്ക് ചില നിബന്ധനകൾ കൂടി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ.പി.എല്ലിന്റെ ആവേശത്തിൽ യു.എ.ഇ. വർഷങ്ങൾക്ക് ശേഷം ഇഷ്ടതാരങ്ങളുടെ മത്സരങ്ങൾ നേരിൽ കാണാനുള്ള അവസരം അവർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്റ്റേഡിയത്തിലെത്തി കാണികൾക്ക് നിരാശരായി മടങ്ങേണ്ടി വരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ക്ക് പുറമേ പുതുതായി കാണികൾക്ക് ചില നിബന്ധനകൾ കൂടി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജ സ്റ്റേഡിയത്തിൽ 16 വയസിൽ താഴെ പ്രായമുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല എന്നതാണ് ഇതിൽ പ്രധാനം. അതേസമയം, ദുബൈ, അബൂദബി സ്റ്റേഡിയത്തിലേക്ക് എല്ലാ പ്രായക്കാർക്കും കളി കാണാൻ എത്താം. ദുബൈയിൽ കോവിഡ് പരിശോധന ആവശ്യമില്ല. അബൂദബി, ഷാർജ സ്റ്റേഡിയങ്ങളിലെത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധനാഫലം ഹാജരാക്കണമെന്നാണ് നിർദേശം. ടിക്കറ്റ് ഓൺലൈനിൽ തന്നെ എടുക്കണം. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കില്ല. ടിക്കറ്റ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നത് ഉചിതമാണ്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധം.
മൊത്തം സ്റ്റേഡിയത്തിന്‍റെ നാൽപത് ശതമാനം വരെയാണ് ഇപ്പോൾ കാണികളെ പ്രവേശിപ്പിക്കുന്നത്.
അതേസമയം ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഒമ്പത് വിക്കറ്റിന് ബാഗ്ലൂരിനെ തകര്‍ത്തു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 93 റണ്‍സ് വിജയലക്ഷ്യം 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍ 48 ഉം വെങ്കിടേഷ് അയ്യര്‍ 41 റണ്‍സും നേടി. ബാംഗ്ലൂരിനായി വിക്കറ്റ് നേടിയത് യുസ്‌വേന്ദ്ര ചഹലാണ്.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് 92 റണ്‍സിന് അവസാനിച്ചിരുന്നു.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത കോലിയെ പ്രസിദ് കൃഷ്ണയാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നീടെത്തിയ ശ്രീകാര്‍ ഭരത്ത്- ദേവദത്ത് സഖ്യം ടീമിനെ പതുക്കെ താളത്തിലേക്ക് എത്തിക്കുമെന്ന് സൂചന നല്‍കിയെങ്കിലും ലോക്കി ഫെര്‍ഗൂസന്‍ ഇരുവരുടെയും കൂട്ടുക്കെട്ട് തകര്‍ത്തു. 22 റണ്‍സെടുത്ത ദേവദത്തിനെയാണ് ഫെര്‍ഗൂസന്‍ പവലിയനിലേക്ക് അയച്ചത്.
സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാംഗ്ലൂരിന് അടുത്ത വിക്കറ്റും നഷ്ടമായി. ശ്രികാര്‍ ഭരത്താണ് പുറത്തായത്. പിന്നീട് എത്തിയ ഡീവില്ലേഴ്‌സിനെ ആദ്യ ബോളില്‍ തന്നെ പുറത്താക്കി ആന്ദ്രേ റസല്‍ കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും സച്ചിന്‍ ബേബിയെയും ഹസരങ്കയെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബാംഗ്ലൂരിന്റെ പതനത്തിന്റെ ആഴം വര്‍ധിപ്പിച്ചു. പിന്നീടെത്തിയ ജെമിയ്‌സണ്‍ നാലും ഹര്‍ഷല്‍ പട്ടേല്‍ 12 റണ്‍സും കൂട്ടിച്ചേര്‍ത്ത് പവലിയനിലേക്ക് മടങ്ങി. പത്താമനായി ക്രീസിലെത്തിയ മുഹമ്മദ് സിറാജ് എട്ട് റണ്‍സും കൂട്ടിച്ചേര്‍ത്ത് പുറത്തായതോടെ ബാഗ്ലൂരിന്റെ ഇന്നിങ്‌സ് 92 റണ്‍സിന് അവസാനിച്ചു. 22 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്ര റസലും മൂന്നും ലോക്കി ഫെര്‍ഗൂസന്‍ രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി.