ഷാർജയിൽ വേഗതാ നിയന്ത്രണം: പുതിയ സ്മാർട്ട് സൈൻ ബോർഡുകൾ സ്ഥാപിക്കും
സ്മാർട്ട് സ്പീഡ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെ വേഗത നിയന്ത്രിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
ഷാർജ: എമിറേറ്റിലെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുപ്രധാന നടപടിയുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്കൂൾ സോണുകൾ, താമസ സ്ഥലങ്ങൾ, കാൽനട ക്രോസിങുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സ്മാർട് സൈൻബോർഡുകൾ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. സ്മാർട്ട് സ്പീഡ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെ വേഗത നിയന്ത്രിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
സാമൂഹിക മാധ്യമങ്ങൾ മുഖേനയാണ് പദ്ധതിയെ കുറിച്ച് അധികൃതർ വിവരം പുറത്തുവിട്ടത്. സൈൻ ബോർഡുകളിൽ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത തെളിയും. നിശ്ചിത വേഗ പരിധിക്ക് അകത്താണെങ്കിൽ പച്ച നിറത്തിലും പരിധിക്ക് പുറത്താണെങ്കിൽ ചുവന്ന നിറത്തിലുമാണ് വേഗത ഇവിടെ തെളിയുക. പച്ച സിഗ്നലിനൊപ്പം സ്മൈലിങ് ഇമോജിലും ചുവന്ന സിഗ്നലിനൊപ്പം ദുഃഖ ഇമോജിയും തെളിയും. പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ സ്ഥലങ്ങളിൽ അപകടങ്ങൾ കുറക്കുന്നതിനാണ് സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്.
സ്കൂൾ സോണുകളിലെ വേഗപരിധി യു.എ.ഇയിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീറ്റർ പരിധിയിലാണ്. നിയമലംഘനങ്ങൾക്ക് വാഹനമോടിക്കുന്നയാൾ എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്നതിനെ ആശ്രയിച്ച് 300 ദിർഹം മുതൽ 3000 ദിർഹം വരെ പിഴ ഈടാക്കും. റസിഡൻഷ്യൽ ഏരിയകളിൽ പരിധി മണിക്കൂറിൽ 25 മുതൽ 40 കി.മീറ്റർ വരെയാണ്. 2017ൽ ദുബൈയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്കൂൾ സോണുകളിൽ സമാനമായ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഈ പദ്ധതി മികച്ച രീതിയിൽ അപകട നിയന്ത്രണത്തിന് സഹായിച്ചതായാണ് വിലയിരുത്തപ്പെട്ടത്.