കർട്ടനുയരുന്നു, ദുബൈയുടെ രുചിയുത്സവത്തിന്
വിഭവങ്ങളുണ്ടാക്കുന്നത് കൊണ്ടു മാത്രം ഒരാൾ നല്ല പാചകക്കാരനാകണമെന്നില്ല. ചേരുവകളും സമയവും തീയുടെ അളവും കൂടെ ഹൃദയവും കൃത്യമായി സമന്വയിപ്പിച്ചുള്ള കലയാണ് പാചകം. അടുക്കളയിൽ നിന്ന് വമിക്കുന്ന കൊതിയൂറും സുഗന്ധത്തിനപ്പുറം പാചകമെന്ന യഥാർത്ഥ കലയെ നിർവചിക്കുന്നത് പാചകത്തിന്റെ കാര്യക്ഷമതയും പാചകത്തോടുള്ള താല്പര്യവുമാണ്.
നിങ്ങളൊരു നല്ല പാചകക്കാരനാണെങ്കിൽ രുചി ലോകത്തെ നക്ഷത്രമാകാനും നിങ്ങളുടെ പാചകകലയെ പ്രദർശിപ്പിക്കാനും മീഡിയ വൺ നെല്ലറ സ്റ്റാർ ഷെഫ് 2 അവസരമൊരുക്കുകയാണ്. ദുബൈയുടെ ഹൃദയത്തിൽ രുചികളുടെ വിശാലലോകം തീർത്ത സ്റ്റാർഷെഫിന്റെ രണ്ടാം സീസണിനാണ് കർട്ടനുയരുന്നത്. 2024 ഫെബ്രുവരി 18ന് ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിൽ ‘നെല്ലറ സ്റ്റാർ ഷെഫ് ഗ്രാൻഡ്’ ഫിനാലെ അരങ്ങേറും. ഗ്രാൻഡ് ഫിനാലെക്കൊപ്പം തന്നെ ജൂനിയർ ഷെഫ്, ടേസ്റ്റി സ്‌ക്വാഡ് എന്നിങ്ങനെ പ്രത്യേക പാചകമത്സരങ്ങളുമുണ്ട്. രുചികളുടെ ലോകത്ത് നിങ്ങളുടെ അഭിരുചി തെളിയിക്കാനുള്ള ഈ അവസരത്തിൽ കൈ നിറയെ സമ്മാനങ്ങളും നേടാം. കൂടാതെ സ്പോട്ട് കുക്കിംഗ് മത്സരങ്ങളുമുണ്ടാകും.
തീ ഉപയോഗിക്കാതെയുള്ള പാചക രീതി ഉപയോഗിച്ചാകും കുട്ടികളുടെ മത്സരം സംഘടിപ്പിക്കുക. പാചക വിദഗ്ധൻ ഷെഫ് പിള്ളയാണ് മത്സരങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. വിജയികളെ കാത്ത് 25000 യു.എ.ഇ ദിർഹത്തിന്റെ സമ്മാനങ്ങളുണ്ട്.