യു.എ.ഇയിൽ ശമ്പളം വൈകിച്ചാൽ കർശന നടപടി; പുതിയ ഭേദഗതികളുമായി തൊഴിൽ മന്ത്രാലയം

ജീവനക്കാർക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ വലിപ്പ ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കർശനമാക്കാനാണ് തീരുമാനം

Update: 2022-07-27 18:53 GMT
Editor : ijas
Advertising

ദുബൈ: ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കുന്നു. സമയത്തിന് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് എതിരെ പുതിയ ശിക്ഷാ നടപടികൾ ഉൾപ്പെടുത്തി രാജ്യത്തെ വേതന സംരക്ഷണ സംവിധാനത്തിൽ ഭേദഗതി വരുത്തിയതായി യു.എ.ഇ തൊഴിൽ മന്ത്രാലയം അറിയിച്ചു.

ശമ്പളം വൈകിപ്പിച്ച കാലയളവ്, ജീവനക്കാരുടെ എണ്ണം, ശമ്പളം നിഷേധിക്കപ്പെട്ടവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കെതിരെ വിവിധ ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയാണ് യു.എ.ഇയിലെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ ഭേദഗതികൾ നടപ്പാക്കുന്നത്. തൊഴിൽ മന്ത്രി ഡോ. അബ്ദുറഹ്മാൻ അബ്ദുൽ മന്നാൻ അൽ അവാറിന്‍റെ നിർദേശപ്രകാരമാണ് പുതിയ മാറ്റങ്ങൾ. ജീവനക്കാർക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ വലിപ്പ ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കർശനമാക്കാനാണ് തീരുമാനം. ഇലക്ട്രോണിക് സംവിധാനം വഴി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ വേതനം എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇതിന് പുറമെ, സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്താനും മന്ത്രാലയം നിർദേശിക്കുന്നു. ശമ്പളം വൈകുന്നുണ്ട് എന്ന് കണ്ടാൽ കമ്പനികൾ മുന്നറിയിപ്പ് നൽകും. വീഴ്ച പരിഹരിക്കുന്നില്ലെങ്കിൽ ഈ സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെക്കും.

Full View

അമ്പത് ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളാണ് ശമ്പളം നിഷേധം തുടരുന്നതെങ്കിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒപ്പം ഫെഡറൽ, ലോക്കൽ അതോറിറ്റികളോടെ കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കാൻ നിർദേശം നൽകും. ആറൂമാസം വീഴ്ച തുടർന്നാൽ വൻതുക പിഴ ചുമത്തുകയും സ്ഥാപനത്തെ തരം താഴ്ത്തുകയും ചെയ്യും. മുഴുവൻ ജീവനക്കാർക്കും വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ല്യൂ.പി.എസ് സംവിധാനം വഴിയാണ് ശമ്പളം നൽകേണ്ടത്. കപ്പൽ ജീവനക്കാർ, വിദേശത്തെ ഓഫിസുകളിൽ നിന്ന് ശമ്പളം കൈപറ്റുന്നവർ, യു.എ.ഇ സ്വദേശികളുടെ കീഴിലെ ടാക്സി, മൽസ്യബന്ധന ബോട്ട് ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി ചുരുക്കം വിഭാഗം ജീവനക്കാർക്ക് മാത്രമേ ഈ സംവിധാനം വഴിയല്ലാതെ ശമ്പളം നൽകാൻ അനുമതിയുള്ളു എന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News