നിയാദി ഭൂമിയിലേക്ക് വരുന്നു; ഉജ്വല വരവേൽപ്പ് നൽകാൻ യു.എ.ഇ
'എൻഡവർ' എന്ന് പേരിട്ട സ്പേസ് എക്സ് ബഹിരാകാശ പേടകം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി.
ആറു മാസം നീണ്ട ദൗത്യം പൂർത്തിയാക്കി യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി സെപ്റ്റംബർ ഒന്നിനു ഭൂമിയിലേക്ക് മടങ്ങും. സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലായിരിക്കും നിയാദിയുടെ മടക്കയാത്ര. മൂന്ന് സഹപ്രവർത്തകരും നിയാദിയെ ഭൂമിയിലേക്ക് അനുഗമിക്കും.നിയാദിയുടെയും കൂട്ടരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി ഇന്നാണ് നാസ പ്രഖ്യാപിച്ചത്. ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായ നാല് പേരും തുടർ ചുമതലകൾ ക്രൂ-7ന് കൈമാറുമെന്ന് നാസ അറിയിച്ചു. ക്രൂ-7 ടീം അടുത്ത ആഴ്ച ബഹിരാകാശ പേടകത്തിലെത്തും.
'എൻഡവർ' എന്ന് പേരിട്ട സ്പേസ് എക്സ് ബഹിരാകാശ പേടകം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി. എന്നാൽ, പേടകത്തിന്‍റെ ലാൻഡിങ് സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. തിരികെ യാത്രക്കായി 16 മണിക്കൂർ എടുക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
മാർച്ച് മൂന്നിനാണ് നിയാദിയും കൂട്ടരും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ആറു മാസത്തെ ദൗത്യത്തിനിടെ നൂറിലധികം പരീക്ഷണങ്ങളും സാങ്കേതിക പ്രദർശനങ്ങളും നിയാദിയും സംഘവും നടത്തിയിരുന്നു. ബഹിരാകാശ ദൗത്യത്തിനായി പോകുന്ന രണ്ടാമത്തെ അറബ് പൗരനും ബഹിരാകാശ നടത്തം പൂർത്തീകരിക്കുന്ന ആദ്യ അറബ് സഞ്ചാരിയുമാണ് സുൽത്താൻ അൽ നിയാദി. ബഹിരാകാശ നടത്തത്തിലൂടെ ഏഴു മണിക്കൂർ നീളുന്ന അറ്റകുറ്റപ്പണികളാണ് അദ്ദേഹം നടത്തിയത്. ബഹിരാകാശത്തു നിന്ന് തിരികെയെത്തുന്ന നിയാദിക്ക് ഊഷ്മള സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റർ ഡയറക്ടർ ജനറൽ സലിം അൽ മർറി പറഞ്ഞു.