ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബിയായി സുൽത്താൻ; ചരിത്രം കുറിച്ച് വീണ്ടും യു.എ.ഇ
ആറ് മണിക്കൂറിലേറെ നീളുന്ന ദൗത്യവുമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നിയാദി സ്പേസ് വാക്കിന് ഇറങ്ങിയത്.
ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് യു.എ.ഇ. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബിയായി യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി മാറി. ആറ് മണിക്കൂറിലേറെ നീളുന്ന ദൗത്യവുമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നിയാദി സ്പേസ് വാക്കിന് ഇറങ്ങിയത്.
വെള്ളിയാഴ്ച വൈകുന്നേരം യു.എ.ഇ സമയം 5.15ഓടെയാണ് സുൽത്താൻ അൻ നിയാദി സ്പേസ് വാക്ക് ആരംഭിച്ചത്. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പം ബഹിരാകാശ നിലയത്തിന്‍റെ പുറത്തിറങ്ങിയ നിയാദി സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയർ മാറ്റിസ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. ബഹിരാകാശ നടത്തത്തിൽ പരിചയസമ്പന്നനായ സ്റ്റീഫൻ ബോവനാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
'സ്പേസ് വാക്ക്' നടത്തുന്ന ആദ്യ അറബ് വംശജൻ എന്ന റെക്കോർഡ് നിയാദി ഇതിലൂടെ സ്വന്തം പേരിൽ കുറിച്ചു. 1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ച ശേഷം ഇതുവരെ 259 ബഹിരാകാശ യാത്രികരാണ് ഇതുവരെ ബഹിരാകാശത്ത് നടന്നിട്ടുള്ളത്. നാസ ടി.വിയും യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും തത്സമയം സ്പേസ് വാക്ക് പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ചരിത്ര നടത്തത്തിന് ഇറങ്ങുന്നതിന് മുമ്പ് സ്‌പേസ് സ്യൂട്ട് ധരിച്ച്, അഭിമാനത്തോടെ യു.എ.ഇ പതാക കൈയിൽ ധരിച്ച്, അറബ് ലോകത്തെ ആദ്യത്തെ ബഹിരാകാശ നടത്തത്തിന് ഇറങ്ങുകയാണെന്നും നിയാദി ട്വീറ്ററ്റിൽ കുറിച്ചു. ആറര മണിക്കൂർ സ്പേസ് വാക്ക് നടത്താനാണ് സുൽത്താൻ അൽ നിയാദി ലക്ഷ്യമിടുന്നത്.