സംഭാവനകൾക്ക് നികുതിയിളവ്; പ്രഖ്യാപനവുമായി യു.എ.ഇ ധനകാര്യമന്ത്രാലയം
ഇളവ് ലഭിക്കാൻ സ്ഥാപനങ്ങൾ കോർപ്പറേറ്റ് നികുതി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണം.
ദുബൈ: യു.എ.ഇയിൽ സാമൂഹിക ക്ഷേമം ലക്ഷ്യമിട്ട് നൽകുന്ന സംഭാവനകൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു. യു.എ.ഇ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ ഒന്ന് മുതലാണ് രാജ്യത്ത് കോർപറേറ്റ് ടാക്സ് നടപ്പാക്കുന്നത്.
ജീവകാരുണ്യപ്രവർത്തനം, കമ്യൂണിറ്റി സേവനങ്ങൾ, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങൾക്കാണ് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള നികുതിയിളവ് ലഭിക്കുക.
രാജ്യത്തിനും സമൂഹത്തിനും നൽകുന്ന പിന്തുണ പരിഗണിച്ചാണ് തീരുമാനമെന്നും മത, ജീവകാരുണ്യ, ശാസ്ത്ര, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യം ലഭിക്കുമെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
ഇളവ് ലഭിക്കാൻ സ്ഥാപനങ്ങൾ കോർപ്പറേറ്റ് നികുതി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണം. പ്രസക്തമായ എല്ലാ ഫെഡറൽ, പ്രാദേശിക നിയമങ്ങളും പാലിക്കുന്ന സ്ഥാപനങ്ങളുമാകണം. ജൂൺ മുതൽ ബിസിനസ് ലാഭത്തിന്റെ ഒമ്പത് ശതമാനമാണ് കോർപറേറ്റ് നികുതി ഏർപ്പെടുത്തുക. 3,75,000 ദിർഹത്തിൽ കൂടുതൽ വാർഷിക ലാഭമുള്ള സംരംഭങ്ങൾക്കാണ് നികുതി ബാധകമാവുക.