തുക തിരികെ ലഭിക്കുന്നില്ല; റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത പ്രവാസികള്‍ വലയുന്നു
സ്കൂൾ തുറക്കുന്നതിന് മുമ്പ് നാട്ടിലെത്താൻ ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളാണ് വെട്ടിലായത്
റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത പ്രവാസികൾ, ടിക്കറ്റ് തുക തിരികെ ലഭിക്കാതെ വലയുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് നാട്ടിലെത്താൻ ടിക്കറ്റെടുത്ത നിരവധി കുടുംബങ്ങളാണ് വെട്ടിലായത്. പണം തിരിച്ചു നൽകുന്നതിന് പകരം ട്രാവൽ ഏജന്റുമാർക്ക് മറ്റൊരു അവസരത്തിൽ ടിക്കറ്റ് നൽകാൻ കഴിയുന്ന വിധം ക്രെഡിറ്റ് നൽകാമെന്നാണ് വിമാനകമ്പനി പറയുന്നത്.
ഗോഫസ്റ്റ് വിമാനങ്ങൾ കഴിഞ്ഞമാസം പൊടുന്നനെ സർവീസ് റദ്ദാക്കിയതോടെ അവധിയാഘോഷിക്കാൻ ഗൾഫിലെത്തിയ നിരവധി കുടുംബങ്ങളാണ് വെട്ടിലായത്. മടക്കായത്രക്ക് കുട്ടികളടക്കം മൂന്നും നാലും പേർക്കായ വൻതുകയുടെ ടിക്കറ്റെടുത്തിരുന്നവർക്ക് പണം തിരിച്ചുകിട്ടുന്നില്ലെന്ന് മാത്രമല്ല, സ്കൂൾ തുറക്കുന്നതിന് മുമ്പ് കുടുംബത്തെ നാട്ടിലെത്തിക്കാൻ മറ്റുവിമാനങ്ങളിൽ കൂടുതൽ തുക മുടക്കി ടിക്കറ്റെടുക്കേണ്ടിയും വന്നു.
ദുബൈയിൽ ടൈപ്പിങ് സെന്ററർ നടത്തുന്ന അബ്ദുൽ ഗഫൂറിന് ഗോഫസ്റ്റ് 40000 രൂപ തിരിച്ചു നൽകാനുണ്ട്. കുടുംബത്തെ നാട്ടിലെത്തിക്കാൻ മറ്റൊരു വിമാനത്തിൽ 54,000 രൂപയുടെ ടിക്കറ്റെടുക്കേണ്ടി വന്നു. ചെറുപെരുന്നാളിന് മാതാപിതാക്കളെ ദുബൈയിലേക്ക് കൊണ്ടുവന്ന തലശ്ശേരി സ്വദേശി സിയാദിന്റെ അനുഭവവും വ്യത്യസ്തമല്ല. ഗോഫസ്റ്റ് എന്ന സർവീസ് പുനരാരംഭിക്കുമെന്ന് ഇനിയും വ്യക്തമല്ല. യാത്രക്ക് ഗോഫസ്റ്റ് വിമാനങ്ങളെ കൂടുതൽ ആശ്രയിച്ചിരുന്ന കണ്ണൂരിലെ പ്രവാസി കുടുംബങ്ങൾക്കാണ് വലിയ സാമ്പത്തിക നഷ്ടം നേരിട്ടതും.