യു.എ.ഇയിൽ പൊതുമാപ്പ് നടപടികൾ ഊർജിതം; രേഖകൾ ലഭ്യമാക്കാൻ സൗകര്യങ്ങൾ പ്രഖ്യാപിച്ച് അധികൃതർ

സെപ്റ്റംബർ ഒന്ന് മുതലാണ് യു.എ.ഇയിൽ പൊതുമാപ്പ് നിലവിൽ വരുന്നത്

Update: 2024-08-30 16:56 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: യു.എ.ഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പൊതുമാപ്പിന് ഒരുക്കങ്ങൾ സജീവമായി. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഔട്ട്പാസ് ഉൾപ്പെടെ രേഖകൾ ശരിയാക്കാൻ ഇന്ത്യൻ എംബസി സൗകര്യങ്ങൾ പ്രഖ്യാപിച്ചു. പൊതുമാപ്പിൽ മടങ്ങുന്ന പ്രവാസികൾക്ക് യാത്രാരേഖകൾ ശരിയാക്കാൻ ബി.എൽ.എസ് കേന്ദ്രങ്ങളെ സമീപിക്കാമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിന് മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കേണ്ട ആവശ്യമില്ല. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസിയിലെ കോൺസുലാർ ഓഫീസിൽ നിന്ന് എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകും. അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം രേഖകൾ നൽകും.

രേഖകൾ ശരിയാക്കി യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്‌പോർട്ടിന് അപേക്ഷിക്കാം. ഇതിന് ബി.എൽ.എസ് കേന്ദ്രങ്ങളിൽ അപേക്ഷ നൽകാം. അബൂദബിയിൽ അൽറീം, മുസഫ, അൽഐൻ എന്നിവിടങ്ങളിലെ ബി.എൽ.എസ് കേന്ദ്രങ്ങൾ പൊതുമാപ്പ് കാലത്ത് ഞായറാഴ്ചകളിലും പ്രവർത്തിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. യാത്രാരേഖകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0508995583 എന്ന നമ്പറിൽ വിളിക്കാമെന്നും എംബസി അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി ദുബൈയിലെ 86 ആമർ സെന്ററുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് GDRFA അധികൃതർ പറഞ്ഞു. ബയോമെട്രിക്ക് രേഖകൾ പരിശോധിക്കാൻ അൽഅവീർ കേന്ദ്രത്തിലും സൗകര്യമൊരുക്കിയിട്ടുണ്ട്. എമിറേറ്റ്‌സ് ഐഡിയിൽ ബയോമെട്രിക്ക് വിവരങ്ങളുള്ളർക്ക് നേരിട്ട് ഡിപ്പാർച്ചർ പെർമിറ്റ് നൽകുമെന്ന് GDRFA അധികൃതർ പറഞ്ഞു. 8005111 എന്ന നമ്പറിൽ 24 മണിക്കൂറും സംശയനിവാരണത്തിന് സൗകര്യമുണ്ടായിരിക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News