സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും
50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ പ്രതിവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം
സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ പ്രതിവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം. പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ സ്ഥാപനങ്ങൾ 42,000 ദിർഹം പിഴയൊടുക്കേണ്ടി വരും
സ്വദേശിവത്കരണ പദ്ധതി കർശനമായി നടപ്പാക്കാനാണ് യു.എ.ഇ മാനവവിഭവ, സ്വദേശിവത്കരണ മന്ത്രാലയ തീരുമാനം. പല തവണ കർശന നിർദേശം നൽകിയിട്ടും സ്വദേശിവത്കരണ വ്യവസ്ഥകൾ നടപ്പാക്കാൻ തയാറാകാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. .
50ൽ ചുവടെ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളെ നിയമിക്കേണ്ടതില്ല. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഓരോ വർഷവും രണ്ടു ശതമാനം വീതം സ്വദേശിവത്കരണം നടപ്പാക്കണം എന്നാണ് ചട്ടം.
2026 ഓടെ സ്വദേശിവത്കരണം 10 ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിവർഷം 12,000 സ്വദേശികൾക്ക്പദ്ധതി മുഖേന ജോലി ലഭ്യമാക്കും. നിയമം പാലിക്കാത്ത സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്ന ഫൈൻ തുക തൊഴിൽ തേടുന്ന സ്വദേശികൾക്ക് കൈമാറും. യു.എ.ഇ പൗരൻമാർക്കായി തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.