ഹജ്ജ് തീർഥാടകരെ വഞ്ചിച്ചു; യു.എ.ഇയിൽ മലയാളി ടൂർ ഓപറേറ്റർ അറസ്റ്റിൽ

ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി ഉടമ ഷബിൻ റഷീദി (44) നെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2023-10-25 15:06 GMT
Advertising

ദുബൈ: യു.എ.ഇയിൽ ഹജ്ജ് തീർഥാകരെ വഞ്ചിച്ച കേസിൽ മലയാളിയായ ടൂർ ഓപറേറ്റർ അറസ്റ്റിൽ. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി ഉടമ ഷബിൻ റഷീദി (44) നെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ആലുവ സ്വദേശിയാണെന്ന് തട്ടിപ്പിന്റെ ഇരകൾ പറഞ്ഞു. കേസിൽ ഈ മാസം തുടക്കത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അറബ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. യു.എ.ഇ നിവാസികളായ 150 പേരിൽ നിന്നായി ഏതാണ്ട് 30 ലക്ഷം ദിർഹമാണ് ഇയാൾ ഹജ്ജിന് അവസരം വാഗ്ദാനം ചെയ്ത് വാങ്ങിയത്. എന്നാൽ, യാത്രക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ മെഡിക്കൽ സെന്ററിൽ എത്തിയ ഇവരിൽനിന്ന് ഹജ്ജിനുള്ള ഔദ്യോഗിക യാത്രാരേഖകൾ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ് വഞ്ചിതരായ വിവരം അറിഞ്ഞത്. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാർ ഇക്കഴിഞ്ഞ ജൂണിൽ ഇയാളെ സമീപിച്ചിരുന്നു.

തുടക്കത്തിൽ, യാത്രക്കാരോട് റഷീദ് ക്ഷമാപണം നടത്തുകയും വിസ നൽകുന്നതിൽ അവസാന നിമിഷം വരുത്തിയ മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അവകാശപ്പെടുകയും ചെയ്തു. പണം തിരികെ നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാർ പറഞ്ഞു. യാത്രക്കാർക്കാരുടെ താമസത്തിനായി ചെലവഴിച്ച തുക പൂർണമായും തിരികെ നൽകുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനം പാലിച്ചില്ല. ഇതിനിടെ ഇയാൾ ഇന്ത്യയിലെ ആസ്തി വിൽപന നടത്തി പണം തിരികെ നൽകാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. സൗദി കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുന്ന കാര്യവും ഇദ്ദേഹം ആലോചിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കാണാതായതോടെ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് വഞ്ചിതരായവരിൽ പലരും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി കാണിച്ച് ദുബൈ പൊലീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായും പരാതിക്കാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News