വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഇനി എളുപ്പം; ദുബൈയിൽ പുതിയ റോഡ് നാളെ തുറക്കും

സീഹ് അൽ ദഹൽ റോഡ് എന്ന പേരിൽ 11 കിലോമീറ്റർ പാതയാണ് നാളെ തുറക്കുന്നത്

Update: 2022-05-23 19:24 GMT
Editor : afsal137 | By : Web Desk
Advertising

ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പം യാത്ര ചെയ്യാവുന്ന പുതിയ റോഡ് നാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും. സീഹ് അൽ ദഹൽ റോഡ് എന്ന പേരിൽ 11 കിലോമീറ്റർ പാതയാണ് നാളെ തുറക്കുന്നത്. നിരവധി സഞ്ചാരികൾ എത്തുന്ന അൽ ഖുദ്‌റ ലേക്ക്, ലവ് ലേക്ക്, അൽഖുദ്‌റ യോഗ സെന്റർ, ഫ്‌ലൈമിങ് ഗോ ലേക്ക് തുടങ്ങിയ വിനോദ സഞ്ചാരകേന്ദത്തിലേക്ക് യാത്ര എളുപ്പമാക്കുന്നതാണ് ചൊവ്വാഴ്ച തുറക്കുന്നതെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

സൈഹ് അൽ-സലാം റോഡിനെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കുമായി ബന്ധിപ്പിക്കുന്നതാണ് സൈഹ് അൽ ദഹൽ റോഡ്. നേരത്തെ ഇവിടെയുണ്ടായിരുന്ന ഒറ്റവരി പാത നീക്കം ചെയ്ത് പകരം 11 കിലോമീറ്റർ നീളത്തിൽ ഓരോ ദിശയിലും രണ്ട് വരികൾ ഉൾക്കൊള്ളുന്ന റോഡുകൾ നിർമിച്ചു. യാത്ര സുഗമമാക്കുന്നതിന് മീഡിയനും മൂന്ന് റൗണ്ട് എബൗട്ടുകളും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഈ മേഖലയിൽ ട്രാഫിക് വർധിച്ചതിനെ പരിഗണിച്ച് നിർമിച്ച റോഡിൽ ഓരോ ദിശയിലേക്കും 4000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയുണ്ടാകും. നേരത്തെ 1800 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ. 23 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കും ഈ റോഡിന് സമാന്തരമായി ആർ ടി എ നിർമിച്ചിട്ടുണ്ട്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News