400 ഹെക്ടർ പാടം പച്ചപുതച്ചു;ഷാർജയിൽ ഗോതമ്പ് വിളയാൻ ഇനി രണ്ട് മാസം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്
ഷാർജയുടെ ഗോതമ്പ് ഉൽപാദന പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. മരുഭൂമിയിൽ ഉത്പാദിപ്പിക്കുന്ന ഗോതമ്പ് തളിരിട്ടു തുടങ്ങിയിരിക്കുകയാണ്. 400 ഹെക്ടർ പാടത്താണ് ഇപ്പോൾ കൃഷിയുള്ളത്. 2025 നുള്ളിൽ 1400 ഹെക്ടർ സ്ഥലത്തക്ക് ഗോതമ്പ് കൃഷി വ്യാപിപ്പിക്കും.
ഗോതമ്പ് പാടം ഒന്നാകെ പച്ചപുതച്ചത് അപൂർവ കാഴ്ചയായി മാറുകയാണ്. തളിരിട്ടു തുടങ്ങിയ ഗോതമ്പ് പാടം കാണാൻ ഷാർജ ഭരണാധികാരിയടക്കം എത്തിയിരുന്നു. അത്യാധുനിക കൃഷി രീതികളാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. മലീഹയിലെ ഗോതമ്പ് പാടത്ത് നവംബറിലാണ് വിത്തിറക്കിയത്.
ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി 400 ഹെക്ടർ സ്ഥലത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം നവംബറിൽ നിർവഹിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. കർഷകർക്ക് സൗജന്യ നിരക്കിലാണ് വൈദ്യുതിയും വെള്ളവും നൽകുന്നത്. മാരക രാസകീടനാശിനികൾ ഇല്ലാതെ വേണം കൃഷി നടത്താനെന്നും നിർദേശിച്ചിരുന്നു. 2024 ൽ ഗോതമ്പ് കൃഷി 880 ഹെക്ടറിലേക്കും 2025 ൽ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും പദ്ധതി ഷാർജക്ക് തുണയാകും.