ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആഹ്വാനം ചെയ്ത് യുഎഇ,ഖത്തർ ഭരണാധികാരികൾ
ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദും, ഖത്തർ അമീർ ശൈഖ് തമീമും ആവശ്യപ്പെട്ടു
ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യു എ ഇ, ഖത്തർ ഭരണാധികാരികൾ. ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദും, ഖത്തർ അമീർ ശൈഖ് തമീമും ആവശ്യപ്പെട്ടു.
അബൂദബിയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും, യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനും അബൂദബിയിലെ ഖസർ അൽ ശാത്തിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഫലസ്തീനിലെ സംഘർഷം അവസാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞത്. യുദ്ധത്തിൽ ദുരിതത്തിലായ പലസ്‌തീൻ ജനതയ്ക്ക് ആശ്വാസമേകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം. സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും ഇരു നേതാക്കളും ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ഗസ്സക്ക് പുറമെ മേഖലിയെ പ്രധാന സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള നടപടികളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യു.എ.ഇ - ഖത്തർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അമീരി ദിവാൻ ചീഫായ ശൈഖ് സൗദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുടെ ശ്രമങ്ങളെ യു.എ.ഇ. പ്രസിഡന്റ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.