സ്വവര്‍ഗാനുരാഗ രംഗങ്ങള്‍; അനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറി'ന് യു.എ.ഇയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു
ടോയ് സ്റ്റോറി കാര്‍ട്ടൂണ്‍ പരമ്പരയിലെ ഏറ്റവും പുതിയ അനിമേഷന്‍ ചിത്രമായ 'ലൈറ്റ്ഇയറി'ന് യു.എ.ഇയിലുടനീളം പ്രദര്‍ശനാനുമതി നിഷേധിച്ചു. രാജ്യത്തെ മീഡിയാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലുള്‍പ്പെടുത്തിയതാണ് രാജ്യത്തെ മുഴുവന്‍ തീയേറ്ററുകളിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണമായി മീഡിയ റെഗുലേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.
തങ്ങളുടെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള സിനിമയില്‍ സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഈ മാസം 16ന് വ്യാഴാഴ്ചയാണ് യു.എ.ഇയില്‍ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
ചിത്രത്തിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ തമ്മിലുള്ള ചുംബന രംഗമാണ് രാജ്യത്തെ മീഡിയാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് കാരണമായിരിക്കുന്നത്.