ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

അതിവേഗത്തിൽ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന ഗവണ്മെന്റ് ജീവനക്കാരെയും സ്ഥാപനങ്ങളെയും സംഘങ്ങളെയുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക

Update: 2024-12-11 15:55 GMT
Advertising

ദുബൈ: ഭരണസംവിധാനത്തിലെ ചുവപ്പുനാടകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി, ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിന്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഗവൺമെന്റ് സേവനങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പുരസ്‌കാരം പ്രഖ്യാപിച്ചത്. നടപടിക്രമങ്ങൾ ലളിതമാക്കി, അതിവേഗത്തിൽ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന ഗവണ്മെന്റ് ജീവനക്കാരെയും സ്ഥാപനങ്ങളെയും സംഘങ്ങളെയുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.

ജനങ്ങളുടെ സമയവും പ്രയത്‌നവും പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ജനങ്ങൾക്കു വേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന കഠിനാധ്വാനികളും സമർപ്പിതരുമായ ഗവണ്മെന്റ് ജീവനക്കാരോട് ഞങ്ങൾ നന്ദി പറയുന്നു. അവരെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നൂറ് ദശലക്ഷം ദിർഹത്തിന്റെ എമിറേറ്റ്‌സ് എന്റർപ്രണർഷിപ്പ് കൗൺസിലിന് മന്ത്രിസഭ അംഗീകാരം നൽകി. സംരംഭകത്വ വകുപ്പു സഹമന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്‌റൂഇ കൗൺസിലിന് നേതൃത്വം നൽകും.

യുഎഇയുടെ ആധുനിക വാസ്തുശിൽപ പൈതൃകം സംരക്ഷിക്കാനുള്ള ദേശീയ നയവും മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കും. നിലവിൽ ഇത്തരത്തിൽ 130 സ്മാരകങ്ങളാണ് ഉള്ളത്. ഇത് ആയിരമാക്കി വർധിപ്പിക്കാനാണ് ആലോചന.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News