യു.എ.ഇ കോർപറേറ്റ് ടാക്സ്; മീഡിയവൺ ഫിൻടോക്ക് 23ന്
നികുതി-സാമ്പത്തിക വിദഗ്ധർ സംസാരിക്കും
യു.എ.ഇയിൽ കോർപറേറ്റ് ടാക്സ് നിലവിൽ വന്ന സാഹചര്യത്തിൽ നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാൻ മീഡിയവൺ അവസരമൊരുക്കുന്നു. ഈമാസം 23 ന് ദുബൈയിൽ സംഘടിപ്പിക്കുന്ന ഗ്രോഗ്ലോബൽ- ഫിൻടോക്കിൽ ഈ രംഗത്തെ വിദഗ്ധർ യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംവദിക്കും. മൂന്ന് മണിക്കൂർ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
നികുതി അധിഷ്ഠിത സമ്പദ്ഘടനയിലേക്ക് യു.എ.ഇ ചുവടുമാറ്റുമ്പോൾ രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടകാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മീഡിയവൺ ഗ്രോഗ്ലോബൽ ഫിൻടോക്ക് സംഘടിപ്പിക്കുന്നത്. ജൂൺ 23 ന് ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മുതലാണ് പരിപാടി.
യു.എ.ഇ കോർപോറേറ്റ്സ് ടാക്സും, അതിന്റെ ഉദ്ദേശ്യങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന പരിപാടികൾ നികുതി, ധനകാര്യ മേഖലകളിലെ വിദഗ്ധർ വിവിധ സെഷനുകളിൽ സംസാരിക്കും. നികുതി ഘടനയെ കുറിച്ച് സംസാരിക്കാൻ പ്രമുഖ ചാർട്ടേഡ് അക്കൗണ്ട്സ് സ്ഥാപനമായ ഹുസൈൻ അൽ ശംസിയിലെ വിദഗ്ധരുണ്ടാകും. പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാൻ അവസരമുണ്ടാകും. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായാണ് പ്രവേശനം. fintalk.mediaoneonline.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്.