യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Update: 2022-07-15 11:26 GMT
യു.എ.ഇയില്‍ കനത്ത ചൂട് തുടരുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍ മേഖലകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
നേരത്തെ, നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) ഇന്നുമുതല്‍ ജൂലൈ 19 ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു.
രാജ്യത്ത് കനത്ത ചൂട് നിലനില്‍ക്കുന്നതിനിടെ മഴ ലഭിച്ചാല്‍ അത് വലിയ ആശ്വാസമായിരിക്കും യു.എ.ഇ നിവാസികള്‍ക്ക് പകരുക. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ ഉച്ചസമയത്തെ പുറം ജോലികള്‍ക്ക് തല്‍ക്കാലം രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.