യു.എ.ഇയിൽ പുതിയ ഇ-കോമേഴ്സ് നിയമം; ഇടപാടുകൾക്ക് കച്ചവടത്തിന്റെ നിയമപരിരക്ഷ
ഉപഭോക്താക്കളുടെ അവകാശങ്ങൾ മുതൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള നിയമങ്ങൾ ഇനി ഇ-കോമേഴ്സ് ഇടപാടുകൾക്കും ബാധകമായിരിക്കും
ദുബൈ: യു.എ.ഇയിൽ ഇ-കോമേഴ്സ് ഇടപാടുകൾക്ക് പരമ്പരാഗത കച്ചവടത്തിനുള്ള നിയമപരിരക്ഷകൾ ബാധകമാക്കി പുതിയ നിയമം. ഉപഭോക്താക്കളുടെ അവകാശങ്ങൾ മുതൽ ബൗദ്ധിക സ്വത്തവകാശം വരെയുള്ള നിയമങ്ങൾ ഇനി ഇ-കോമേഴ്സ് ഇടപാടുകൾക്കും ബാധകമായിരിക്കും.
സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹാണ് പുതിയ ഇ-കോമേഴ്സ് നിയമത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. ഇടപാടുകൾ കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതിനും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും പുതിയ നിയമം ലക്ഷ്യമിടുന്നു. തൃപ്തികരമല്ലാത്ത ഉൽപന്നം മാറ്റിനൽകുന്നതിനും, പണം തിരിച്ചുനൽകുന്നതിനുമുള്ള വ്യവസ്ഥകൾ നിയമം വഴി കൂടുതൽ സൂതാര്യമാക്കും.
തർക്കപരിഹാരത്തിനും നിയമനടപടികൾക്കും അധികാരപരിധി ഏതാണെന്ന് തെരഞ്ഞെടുക്കാൻ ഇതിൽ വ്യവസ്ഥയുണ്ടാകും. ഇടപാടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ കൊണ്ടുവരാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇ-കോമേഴ്സ് ഇടപാടുകളിൽ ഭാഗഭാക്കാവുന്ന സർക്കാർ സംവിധാനങ്ങളുടെ സംയോജിത പങ്കാളിത്തം പുതിയ നിയമം ഉറപ്പുവരുത്തുമെന്ന് അധികൃതർ പറഞ്ഞു. ഡിജിറ്റൽ പേമെന്റെ ഗേറ്റ് വേകൾക്ക് മേൽ സെൻട്രൽബാങ്കിലും, സെബർ സുരക്ഷയടക്കമുള്ള മേഖലയിൽ ടി ഡി ആർ എ, നികുതി രംഗത്ത് ഫെഡറൽ ടാക്സി അതോറിറ്റി മറ്റ് പ്രാദേശിക സർക്കാർ സംവിധാനങ്ങൾ എന്നിവയെയാണ് പുതിയ നിയമം സംയോജിപ്പിക്കുന്നത്.
Summary: UAE issues new law for e-commerce businesses