വിദേശനിക്ഷേപത്തിൽ യു.എ.ഇ മുന്നിൽ; ആഗോളതലത്തിൽ രണ്ടാംസ്ഥാനം

200 രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയാണ് ഒന്നാമത്

Update: 2024-06-21 17:16 GMT
Advertising

ദുബൈ: ഏറ്റവും കൂടുതൽ വിദേശനിക്ഷേപം എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇക്ക് രണ്ടാംസ്ഥാനം. അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധനയാണ് യു.എ.ഇയിലേക്കുള്ള വിദേശനിക്ഷേപത്തിലുണ്ടായത്. 30.7 ബില്യൺ ഡോളറിൻറെ വിദേശ നിക്ഷേപം കഴിഞ്ഞവർഷം യു.എ.ഇയിലെത്തി.

ലോകത്ത് പൊതുവെ വിദേശനിക്ഷേപത്തിൽ കുറവ് രേഖപ്പെടുത്തിയ വർഷത്തിലാണ് 200 രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ രണ്ടാമത് എത്തിയത്. ഗ്രീൻഫീൽഡ് നിക്ഷേപങ്ങളുടെ കാര്യത്തിലാണ് യു.എ.ഇ മുന്നേറ്റം നടത്തിയത്. വിദേശത്തെ സ്ഥാപനം പുതിയ സൗകര്യങ്ങൾ നിർമിച്ച് മറ്റൊരു രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതിനെയാണ് ഗ്രീൻഫീൽഡ് നിക്ഷേപം എന്ന് വിളിക്കുക. എല്ലാ തലത്തിലുമുളള വിദേശ നിക്ഷേപവും പരിഗണിച്ചാൽ ലോകത്ത് 11ാം സ്ഥാനത്താണ് യു.എ.ഇ. യു.എൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻറിൻറെ ലോക നിക്ഷേപ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

റിപ്പോർട്ടിലെ വിശദാംശങ്ങൾ യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യു.എ.ഇയിലേക്ക് കഴിഞ്ഞ വർഷം 1,323 ഗ്രീൻഫീൽഡ് വിദേശനിക്ഷേപങ്ങളാണ് എത്തിച്ചേർന്നത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലേക്ക് 2,152 നിക്ഷേപങ്ങളുമെത്തി. ഇന്ത്യയിലേക്ക് 1,058 നിക്ഷേപങ്ങളുമെത്തിയിട്ടുണ്ടെന്ന് പട്ടിക വ്യക്തമാക്കുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News