അബൂദബിയില്‍ ബസ് സ്റ്റോപ്പുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ
അബൂദബിയില്‍ ബസ് സ്റ്റോപ്പുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ഐടിസി)യാണ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ബസ്സുകളുടെ സുഗമമായ യാത്രയെ തടസ്സപ്പെടുത്തുന്ന തരത്തിലും റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ അപകടപ്പെടുത്തും വിധത്തിലും മറ്റുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 2000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
യാത്രക്കാര്‍ക്ക് പിക്ക് അപ്പ്, ഡ്രോപ്പ് പോയിന്റുകളായി ബസ് സ്റ്റോപ്പുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഐ.ടി.സി നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വാഹനമോടിക്കുന്നവര്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും പ്രത്യേക പാര്‍ക്കിങ് സ്ഥലങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നും അതോറിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്.