ഇന്നുമുതല്‍ യുഎഇയില്‍ പുതിയ തൊഴില്‍ നിയമം: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ആറ് വര്‍ക്ക് മോഡലുകള്‍ ഏതെല്ലാം?
യുഎഇ പുതുതായി കൊണ്ടുവന്ന തൊഴില്‍ നിയമങ്ങളിലെ ഭേദഗതി ഇന്നു മുതല്‍ നടപ്പിലാവുകയാണ്. എമിറേറ്റുകളിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആറ് വ്യത്യസ്ത തൊഴില്‍ മോഡലുകളാണ് പുതിയ ഭേദഗതിയിലൂടെ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. അവധിയുടെ കാര്യത്തിലും മറ്റു തൊഴില്‍ ആനുകൂല്യങ്ങളുടെ കാര്യത്തിലുമെല്ലാം കൊണ്ടുവന്ന കാതലായ മാറ്റങ്ങള്‍ക്കു പുറമേയാണ് പുതിയ വര്‍ക്ക് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പരമ്പരാഗത ഫുള്‍ടൈം സ്‌കീമിന് പുറമെ, സ്വകാര്യ മേഖലയില്‍ ജോലിക്കായി അപേക്ഷിക്കുമ്പോള്‍ റിമോട്ട് വര്‍ക്ക് മോഡല്‍, ഷെയറിങ്, പാര്‍ട്ട് ടൈം, ടെംപററി, ഫ്‌ലെക്‌സിബിള്‍ എന്നിങ്ങനെ വ്യത്യസ്ത തൊഴില്‍ കരാറുകളാണ് തൊഴിലാളികള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുക.
ഏതൊക്കെയാണ് ആ ആറ് വര്‍ക്ക് മോഡലുകള്‍..?
റിമോട്ട് വര്‍ക്ക് മോഡല്‍: മുഴുവന്‍ സമയ-പാര്‍ട്ട് ടൈം ജീവനക്കാരെ പൂര്‍ണ്ണമായോ ഭാഗികമായോ ഓഫീസിന് പുറത്ത് ജോലി ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ വര്‍ക്ക് സ്‌കീം രൂപകല്‍പന ചെയ്തിട്ടുള്ളത്.
ഷെയറിങ് വര്‍ക്ക് മോഡല്‍: പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, തൊഴിലുടമയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം ജീവനക്കാര്‍ക്കിടയില്‍ ജോലിയുടെ ഉത്തരവാദിത്തങ്ങളും ശമ്പളവും വിഭജിച്ച് നല്‍കുന്ന രീതിയാണിത്. പാര്‍ട്ട് ടൈം തൊഴില്‍ നിയന്ത്രണങ്ങളുടെ സഹായത്തോടെയാണ് ഈ മാതൃകയ്ക്ക് കീഴിലുള്ള ജീവനക്കാരുടെ കരാറുകള്‍ നടപ്പിലാക്കുക.
ഫുള്‍ടൈം വര്‍ക്ക് മോഡല്‍: ഒരു പ്രവൃത്തിദിവസം മുഴുവനും ഒരു ജീവനക്കാരന്‍ തന്റെ തൊഴിലുടമയ്ക്കുവേണ്ടി ജോലിയെടുക്കുന്ന സാധാരണ രീതിയാണിത്.
പാര്‍ട്ട് ടൈം വര്‍ക്ക് മോഡല്‍: ഒന്നോ അതിലധികമോ തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യാനായി ഷെഡ്യൂള്‍ ചെയ്ത നിശ്ചിത മണിക്കൂറുകളുടെയോ ദിവസങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് മോഡലാണിത്.
ടെംപററി വര്‍ക്ക് മോഡല്‍: ഈ വിഭാഗത്തില്‍, ഒരു നിര്‍ദ്ദിഷ്ട കാലയളവിലേക്കോ, അല്ലെങ്കില്‍ നിശ്ചിത ജോലി പൂര്‍ത്തിയാക്കുന്നതോടെ അവസാനിക്കുന്ന ഒരു പ്രോജക്റ്റ് അടിസ്ഥാനത്തിലോ ആയിരിക്കും ജോലി കരാറുകള്‍ നടപ്പിലാക്കുക.
ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് മോഡല്‍: ജോലിയുടെ വ്യവസ്ഥകളും ആവശ്യകതകളുമനുസരിച്ച് ജീവനക്കാര്‍ക്ക് വ്യത്യസ്ത സമയങ്ങളിലായി ജോലി ചെയ്ത് തീര്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. കരാര്‍ മണിക്കൂറുകള്‍, ദിവസങ്ങള്‍, ആവശ്യമായ ചുമതലകള്‍ എന്നിവയെല്ലാം ഈ മോഡലിലെ മാനദണ്ഡങ്ങളായിരിക്കും.
മറ്റു പ്രത്യേകതകള്‍
ഇരു കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ ഓരോ ജോലി മാതൃകയിലും ജീവനക്കാര്‍ക്കുള്ള എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റിയും വാര്‍ഷിക അവധികളും പുതിയ നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്.
ജീവനക്കാര്‍ക്ക് ഒന്നിലധികം തൊഴിലുടമകള്‍ക്കായി ഒരു പ്രോജക്റ്റിലോ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യാനുള്ള അവസരം നല്‍കുമ്പോള്‍, കുറഞ്ഞ പ്രവര്‍ത്തന ചെലവില്‍ വ്യത്യസ്ത കഴിവുകളും മറ്റും പ്രയോജനപ്പെടുത്താന്‍ തൊഴിലുടമകളെ ഈ മോഡല്‍ പ്രാപ്തരാക്കും.
തൊഴിലുടമയുമായുള്ള കരാറിന് ശേഷം അവരുടെ കരാറുകള്‍ ഒരു തൊഴില്‍ മാതൃകയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും നിയമം ജീവനക്കാരെ പ്രാപ്തരാക്കുന്നുണ്ട്. എന്നാല്‍ ആദ്യ കരാറിന്റെ അവകാശങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കിയതിന് ശേഷമായിരിക്കും ഇത് നടപ്പിലാക്കുക.
ലോകമെമ്പാടുമുള്ള പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും സ്വകാര്യ കമ്പനികള്‍ക്ക് വിപണിയില്‍ ശക്തമായ സാനിധ്യമറിയിക്കാനുമാണ് വൈവിധ്യമാര്‍ന്ന വര്‍ക്ക് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ അവകാശപ്പെടുന്നത്.