ഇരുട്ടില്‍ വഴിതെറ്റി മലയിടുക്കില്‍ കുടുങ്ങിയ സ്ത്രീകള്‍ക്ക് രക്ഷകരായി റാസല്‍ഖൈമ പോലീസ്

രണ്ടു മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്

Update: 2022-01-05 05:50 GMT
Advertising

കാല്‍നടയാത്രയ്ക്കിടെ ഇരുട്ടില്‍ വഴിതെറ്റി ദുര്‍ഘടമായ മലനിരകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നാല് സ്ത്രീകള്‍ക്ക് രക്ഷയൊരുക്കി റാസല്‍ഖൈമ പൊലീസ്. റാസല്‍ഖൈമയിലെ നഖബ് താഴ്വരയില്‍ 25ഉം 37ഉം വയസ്സുള്ള നാലുപേരടങ്ങിയ സംഘം ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുട്ടില്‍ ദൂരക്കാഴ്ച കുറഞ്ഞ് വഴിതെറ്റി കുടുങ്ങിപ്പോയത്.

രാത്രി 7:15ഓടെ ഓപ്പറേഷന്‍സ് റൂമിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റാസല്‍ഖൈമ പൊലീസ് രക്ഷാ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. തങ്ങള്‍ നാലു സുഹൃത്തുക്കള്‍ കാല്‍നടയാത്രയ്ക്കിടെ നഖബ് താഴ്വരയില്‍ വഴിയറിയാതെ കുടുങ്ങിപ്പോയതായി കൂട്ടത്തിലെ ഒരു സ്ത്രീ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി വിശദീകരിച്ചു.

തുടര്‍ന്ന് ദിഗ്ദാഗ സെന്ററില്‍ നിന്ന് പ്രത്യേക തിരച്ചില്‍ സംഘം പ്രദേശത്തെത്തുകയും സംഘം കാല്‍നടയായി പോയ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു. രണ്ടു മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. പര്‍വത നിരകളിലേക്കുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും വെളിച്ചം കുറയുന്ന സമയങ്ങളില്‍ സുരക്ഷ മുന്‍നിര്‍ത്തി ട്രെക്കിങ്ങുകള്‍ ഒഴിവാക്കണമെന്നും ബ്രിഗേഡിയര്‍ ജനറല്‍ നിര്‍ദേശിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News