ആഗോള ജലക്ഷാമത്തിന് പരിഹാരം; പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ്
മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് എന്ന പേരിലാണ് പദ്ധതി.
അബൂദബി: ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ യു.എ.ഇ പ്രസിഡന്റ് പദ്ധതി പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് എന്ന പേരിലാണ് പദ്ധതി. ഇതിന്റെ ചെയർമാനായി യു.എ ഇ വിദേശകാര്യമന്ത്രിയെ നിയമിച്ചു.
ലോകമൊട്ടുക്ക് നേരിടുന്ന ജല ദൗർലഭ്യത്തിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവ് പ്രഖ്യാപിച്ചത്. ജലക്ഷാമത്തെ കുറിച്ച് ബോധവൽകരണം ശക്തമാക്കുക, ജലക്ഷാമം ഉയർത്തുന്ന വെല്ലുവിളികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേരിടാനുള്ള ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുക, ഈരംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിലൂടെ ഭാവി തലമുറക്കായി പ്രതിസന്ധി പരിഹാര സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ഖൽദൂൻ ഖലീഫ അൽ മുബാറക്കാണ് വൈസ് ചെയർമാൻ. വിവിധ മന്ത്രിമാരെയും ഗവേഷണ സ്ഥാപന മേധാവികളെയും പദ്ധതിയുടെ ബോർഡംഗങ്ങളായി ചുമതലപ്പെടുത്തിയിട്ടുണ്ട്.