ബ്ലിൻകൻ യു.എ.ഇ പ്രസിഡൻറ് ചർച്ച; ഗസ്സയുദ്ധത്തിന് അറുതി വേണമെന്ന് യു.എഇ
ഫലസ്തീനികളെ പുറന്തള്ളാൻ അനുവദിക്കില്ലെന്നും യു.എ.ഇ
അബൂദബി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. മിഡിൽഈസ്റ്റ് രാജ്യങ്ങളിലെ പ്രത്യേക സന്ദർശനത്തിന്‍റെ ഭാഗമായാണ് യു.എസ് സംഘം അബൂദബിയിൽ എത്തിയത്. പ്രധാനമായും ഗസ്സ-ഇസ്രയേൽ യുദ്ധമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്.
സംഘർഷാന്തരീക്ഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് ഒഴിവാക്കുന്നതിനും ഗസ്സയിലെ മാനുഷിക പ്രതിസന്ധി മറികടക്കുന്നതിനുമുള്ള മാർഗങ്ങളുമാണ് സംസാരിച്ചതെന്ന് ആൻറണി ബ്ലിങ്കൻ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ സംഭാഷണത്തിൽ ആവർത്തിച്ചു വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി ശാത്വി കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച .
ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരാനും ജീവകാരുണ്യപരമായ സഹായം എത്തിക്കാനും അടിയന്തിരമായ ശ്രമം വേണമെന്ന് പറഞ്ഞ ശൈഖ് മുഹമ്മദ്, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ മേഖലയിൽ സന്ദർശനം നടത്തിയ ഘടത്തിലും ആന്‍റണി ബ്ലിങ്കൻ അബൂദബിയിലെത്തി ശൈഖ് മുഹമ്മദുമായി ചർച്ച നടത്തിയിരുന്നു. . മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന സംഘർഷം രൂക്ഷമാകാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഉൗന്നിപ്പറഞ്ഞു. അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേശഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരടക്കം പ്രമുഖർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.