യു.എ.ഇ പ്രസിഡന്റിന് ഖത്തറിൽ ഊഷ്മള വരവേൽപ്: വിമാനത്താവളത്തിലെത്തി സ്വീകരിച്ച് അമീർ

ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ച ശേഷം ആദ്യമായാണ് യു.എ.ഇ പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്

Update: 2022-12-05 18:00 GMT
Advertising

യു.എ.ഇ പ്രസിഡൻറിന് ഖത്തറിൽ ഊഷ്മള വരവേൽപ്പ്. ഖത്തർ അമീർ ശൈഖ് തമീം പ്രസിഡന്റ് ശൈഖ് മുഹമ്മദിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. സൗദിയും യു എ ഇയും അടക്കം നാല് രാജ്യങ്ങൾ ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ച ശേഷം ആദ്യമായാണ് യു എ ഇ പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്.

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വരവേറ്റു. ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് ശൈഖ് തമീമിന്റെ ക്ഷണം സ്വീകരിച്ചാണ് യു എ ഇ പ്രസിഡന്റ് എത്തിയതെന്ന് യു എ ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യു എ ഇ പ്രസിഡന്റ് ഖത്തർ സേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

ഫുട്‌ബോൾ ലോകകപ്പിന് ആതിഥ്യമരുളിയ ഖത്തർ നടപടി ഗൾഫിനും അറബ് ലോകത്തിനും അഭിമാനമാണെന്ന് ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയിൽ പറഞ്ഞു. യു എ ഇ ദേശീയദിനാഘോഷത്തിന് ഖത്തർ അമീർ ആശംസകൾ നേർന്നു. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നത് ചർച്ച് ചെയ്തു. ശൈഖ് മുഹമ്മദിന്റെ സന്ദർശനം ഖത്തർ-യു എ ഇസഹകരണത്തിൽ പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് ശൈഖ് തമീം പറഞ്ഞു. ഗൾഫ് ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പാണ് സന്ദർശനമെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു. യു.എ.ഇയിൽ നിന്ന് ഉന്നത മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രസിഡൻറിനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

Full View

2017 ലാണ് ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. 2021 ൽ സൗദി അൽഊലയിൽ ഒപ്പുവച്ച കരാറോടെയാണ് ഇത് പിൻവലിച്ചത്. ഇതിന് ശേഷം മുൻ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ ഖത്തർ അമീർ യു എ ഇയിൽ എത്തിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News