ജി20 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് പങ്കെടുത്തു
പൊതു വെല്ലുവിളികൾ നേടാൻ കൂട്ടായ നീക്കം അനിവാര്യമാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് നിർദേശിച്ചു
ലോക രാജ്യങ്ങളുമായുള്ള യു.എ.ഇയുടെ അടുത്ത ബന്ധം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമായും ഡൽഹിയിൽ തുടരുന്ന ജി.20 ഉച്ചകോടി മാറി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ ലോക രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തി. പൊതു വെല്ലുവിളികൾ നേടാൻ കൂട്ടായ നീക്കം അനിവാര്യമാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് നിർദേശിച്ചു.
ശൈഖ് മുഹമ്മദിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് വിവിധ ലോക രാഷ്ട്ര നേതാക്കൾ പങ്കെടുത്ത 'ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ് ആൻഡ് ഗവൺമെൻറ് സമ്മിറ്റി'ൽ അദ്ദേഹം സംബന്ധിച്ചു. ജി20 നേതാക്കൾക്ക് പുറമെ യൂറോപ്യൻ യൂനിയൻ നേതാക്കൾ, അന്താരാഷ്ട്ര കൂട്ടായമകളുടെ പ്രതിനിധിക ൾ എന്നിവരും സന്നിഹിതരായിരുന്നു. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയുടെ ആദ്യ സെഷനായ 'ഏക ഭൂമി' എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ ഭൂമിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ട കടമ ലോകം ഐക്യത്തോടെ ഏറ്റെടുക്കണമെന്ന് നേതാക്കൾ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കേണ്ടതിൻറെ പ്രധാന്യവും ചർച്ചയിൽ ഉയർന്നു. ഉച്ചകോടിക്ക് വിജയകരമായ ആതിഥ്യമരുളിയ ഇന്ത്യയെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ഇതു നാലാം തവണയാണ് യു.എ.ഇ ജി 20 ഉച്ചകോടിയിൽ അതിഥി രാജ്യമായി പങ്കെടുക്കുന്നത്.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി, സഹമന്ത്രി അഹ്മദ് അലി അൽ സായിഗ് എന്നിവരും ഉദ്ഘാടന സെഷനിൽ സന്നിഹിതരായിരുന്നു.