യു.എ.ഇ കോർപറേറ്റ് നികുതി: രജിസ്‌ട്രേഷൻ 30 ന് മുമ്പ് പൂർത്തിയാക്കണം
രജിസ്‌ട്രേഷന് മൂന്ന് ചാനലുകൾ
ദുബൈ: യു.എ.ഇയിൽ പിഴയില്ലാതെ കോർപറേറ്റ് ടാക്‌സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള സമയം ഈമാസം 30 ന് അവസാനിക്കും. രജിസ്‌ട്രേഷൻ വൈകിയാൽ നികുതി ദാതാക്കൾ പിഴയടക്കേണ്ടി വരുമെന്ന് ഫെഡറൽ ടാക്‌സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
മാർച്ചിന് മുമ്പ് സ്ഥാപിതമായ സ്ഥാപനങ്ങൾ മുഴുവൻ കോർപറേറ്റ് ടാക്‌സ് രജിസ്‌ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. ജൂൺ 30 ന് മുമ്പ് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. മൂന്ന് മാർഗങ്ങളിലൂടെ നികുതി ദാതാക്കൾക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇമാറാ ടാക്‌സ് എന്ന പ്ലാറ്റ്‌ഫോം വഴിയും ഫെഡറൽ ടാക്‌സ് അതോറിറ്റിയുടെ അംഗീകൃത ടാക്‌സ് ഏജന്റ്മാർ വഴിയോ രജിസ്‌ട്രേഷൻ നടത്താം. അല്ലെങ്കിൽ തസ്ഹീൽ ഗവൺമെൻറ് സേവന കേന്ദ്രം വഴിയും രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. നികുതി നൽകാൻ ബാധ്യസ്ഥനായ വ്യക്തിക്ക് രണ്ട് സ്ഥാപനങ്ങളുണ്ടെങ്കിൽ ആദ്യം തുടങ്ങിയ സ്ഥാപനത്തിന്റെ കാലാവധിയാണ് നികുതി രജിസ്‌ട്രേഷന് കാലാവധിക്ക് പരിഗണിക്കുകയെന്ന് അതോറിറ്റി അറിയിച്ചു.