ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് ടിക്കറ്റെടുത്തവർക്ക് പ്രത്യേക വിസ പ്രഖ്യാപിച്ച് യു.എ.ഇ
ഖത്തർ ലോകകപ്പ് ആസ്വദിക്കാൻ ഹയാ കാർഡ് സ്വന്തമാക്കിയവർക്കാണ് യു.എ.ഇ പുതിയ സന്ദർശക വിസ അനുവദിക്കുന്നത്
ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് ടിക്കറ്റെടുത്തവർക്ക് യു.എ.ഇ പ്രത്യേക വിസ പ്രഖ്യാപിച്ചു. 90 ദിവസം വരെ യു.എ.ഇയിൽ തങ്ങാവുന്ന മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് ഇന്ന് പ്രഖ്യാപിച്ചു. സൗദി അറേബ്യയും കഴിഞ്ഞദിവസം സമാനമായ വിസ പ്രഖ്യാപിച്ചിരുന്നു.
ഖത്തർ ലോകകപ്പ് ആസ്വദിക്കാൻ ഹയാ കാർഡ് സ്വന്തമാക്കിയവർക്കാണ് യു.എ.ഇ പുതിയ സന്ദർശക വിസ അനുവദിക്കുന്നത്. നവംബർ ഒന്ന് മുതൽ ഐസിപിയുടെ വെബ്പോർട്ടൽ വഴി വിസക്ക് അപേക്ഷിക്കാം. വിസ അനുവദിച്ച അന്ന് മുതൽ 90 ദിവസം യു.എ.ഇയിൽ തങ്ങാം. ഈ കാലയളവിൽ പലതവണ യു എ ഇയിൽ നിന്ന് പുറത്തുപോയി തിരിച്ചുവരാനും കഴിയും. മറ്റൊരു 90 ദിവസത്തേക്ക് കൂടി വിസ ദീർഘിപ്പിക്കാൻ അവസരം നൽകും.
നിലവിൽ വിസയില്ലാതെ യു.എ.ഇയിലേക്ക് വരാൻ അനുമതിയുള്ള രാജ്യങ്ങളിലെ പൗരൻമാരെ പുതിയ വിസയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് നിലവിലെ നിയമപ്രകാരം യു.എ.ഇയിലേക്ക് വരാം. വൺ ടൈം വിസ ഫീസ് നൂറ് ദിർഹമായി കുറച്ചതായും യു.എ.ഇ മീഡിയ ഓഫീസ് അറിയിച്ചു. www.icp.gov.ae പോർട്ടലിലെ സ്മാർട്ട് ചാലനിലെ പബ്ലിക് സർവീസ് വഴി വിസക്ക് അപേക്ഷിക്കാം. ഇതിൽ ഹയ കാർഡ് ഹോൾഡേഴ്സിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.