റഡാർ ഉപഗ്രഹ പദ്ധതിയുമായി യു.എ.ഇ; മൂന്ന് ശതകോടി ദിർഹം ദേശീയ ഫണ്ട് പ്രഖ്യാപിച്ചു

കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക സുസ്ഥിരത, ദുരന്ത നിവാരണം എന്നീ മേഖലകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ റഡാർ ഉപഗ്രഹ പദ്ധതി

Update: 2022-07-17 13:12 GMT
Advertising

അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ശതകോടി ദിർഹമിന്റെ ദേശീയ ഫണ്ട് പ്രഖ്യാപിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ സ്‌പേസ് ഏജൻസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സിർബ് എന്ന പേരിലാണ് യു.എ.ഇ റഡാർ സാറ്റ്‌ലെറ്റ് പദ്ധതി പ്രഖ്യാപിച്ചത്. റിമോട്ട് സെൻസിങിന് കഴിയുന്ന സിന്തെറ്റിക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റുകൾ വികസിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകാനാണ് യു.എ.ഇ തയാറെടുക്കുന്നത്. ബഹിരാകാശ മേഖലയിലെ വികസന പദ്ധതികൾക്കായി പ്രഖ്യാപിച്ച മൂന്ന് ബില്യൻ ദിർഹമിന്റെ ദേശീയ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ആദ്യ പദ്ധതിയായിരിക്കും എസ്.ആർ.ആർ സാറ്റ്‌ലൈറ്റുകൾ.

ഈരംഗത്ത് ദേശീയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂടിയാണ് ഫണ്ട് വിനിയോഗിക്കുക. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക സുസ്ഥിരത, മികച്ച ദുരന്ത നിവാരണം എന്നീ മേഖലകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ റഡാർ ഉപഗ്രഹ പദ്ധതി.

ഭൂമിയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും സദാ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാകും ഈ ഉപഗ്രഹങ്ങൾ. ഇതിന് രാത്രിയിലും പകലും ഭൂമിയിൽ നിന്നുള്ള വ്യക്തമായ ചിത്രങ്ങൾ പകർത്താനാകും. കടലിലെ കപ്പലുകളുടെ സഞ്ചാരം മുതൽ എണ്ണ തുളുമ്പി പടരുന്നത് വരെ നിരീക്ഷിക്കാം.

അതിർത്തി നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, അടിയന്തിര ഘട്ടങ്ങങ്ങളിൽ രക്ഷാപ്രവർത്തന ആസൂത്രണം, നഗരാസൂത്രണം, കാർഷിക വിളവ് സംബന്ധിച്ച പഠനം എന്നിവയ്ക്ക് വരെ ഈ ഉപഗ്രഹം വിവരങ്ങൾ നൽകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News