യു.എ.ഇയുടെ ചാന്ദ്രദൗത്യം 'റാശിദ്' റോവർ നാളെ ചന്ദ്രനിൽ ഇറക്കും
ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതായിരിക്കും ചന്ദ്രന്റെ ഉപരിതലം തൊടാനുള്ള ഘട്ടം.
ദുബൈ: യു.എ.ഇയുടെ ചാന്ദ്ര പര്യവേഷണ വാഹനം 'റാശിദ്' റോവർ നാളെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ആദ്യ ശ്രമം നടത്തും. നാളെ രാത്രി യു.എ.ഇ സമയം 8.40നാണ് ആദ്യ ലാൻഡിങ് ശ്രമം നടക്കുകയെന്ന് ലാൻഡറിന്‍റെ നിർമാതാക്കളായ ഐസ്പേസ് അറിയിച്ചു.
ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതായിരിക്കും ചന്ദ്രന്റെ ഉപരിതലം തൊടാനുള്ള ഘട്ടം. ശ്രമം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുന്ന നാലാമാത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.
അതോടൊപ്പം ചന്ദ്രനിലേക്കുള്ള വാണിജ്യ കാർഗോ ദൗത്യത്തിൽ വിജയിക്കുന്ന ആദ്യത്തെ കമ്പനിയായി ഐസ്‌പേസ് മാറുകയും ചെയ്യും. ആദ്യശ്രമം പരാജയപ്പെട്ടാൽ മറ്റൊരു ദിവസം ഇതിനായി നിശ്ചയിക്കേണ്ടി വരും. കഴിഞ്ഞ മാസം അവസാനത്തിൽ പേടകം ചന്ദ്രന്‍റെ ഭ്രമണപദത്തിൽ എത്തിയിരുന്നു.
ചരിത്രദൗത്യം വീട്ടിലിരുന്നും മൊബൈലിലും കാണാൻ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റർ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രത്തിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബഹിരാകാശ കേന്ദ്രം ഡയറക്ടർ സലീം അൽ മർറി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 11നാണ് 'റാശിദ്' റോവർ വിക്ഷേപിച്ചത്.