ഗസ്സയിൽ അടിയന്തര വെടിനിർത്തലിനായുള്ള ശ്രമം ഇനിയും തുടരുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്

ഗസ്സയിലെ മാനുഷിക ദുരന്തം തടയാൻ സാധ്യമായ മധ്യസ്ഥ ശ്രമങ്ങളുമായി പോകുമെന്ന് ഖത്തർ അറിയിച്ചു

Update: 2023-12-10 17:53 GMT
Advertising

ദുബൈ: ഗസ്സയിൽ അടിയന്തര വെടിനിർത്തലിനായുള്ള ശ്രമം ഇനിയും തുടരുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്. ഗസ്സയിലെ മാനുഷിക ദുരന്തം തടയാൻ സാധ്യമായ മധ്യസ്ഥ ശ്രമങ്ങളുമായി പോകുമെന്ന് ഖത്തറും അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്ന് 10 ഇസ്രായേൽ സൈനികരെ വധിച്ചതായും നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും അൽഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു.

ഗസ്സ യുദ്ധം തുടരുന്നത് മാനവരാശിക്ക് വൻ ഭീഷണി ഉയർത്തുമെന്നും വെടിനിർത്തൽ നടപ്പാക്കാൻ യു.എൻ സെക്രട്ടറി ജനറൽ എന്ന നിലക്ക് സാധ്യമായ നീക്കങ്ങളിൽ നിന്ന് പിൻമാറില്ലെന്നും ആൻറണിയോ ഗുട്ടറസ് പറഞ്ഞു. ദോഹ ഫോറത്തിലാണ് ഗുട്ടറസ് നിലപാട് വ്യക്തമാക്കിയത്. ഗസ്സ യുദ്ധം യു.എൻ രക്ഷാസമിതിയുടെ വിശ്വാസ്യത തകർത്തതായും അദ്ദേഹം പറഞ്ഞു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ച തുടരുകയാണെന്ന് ഖത്തർ.

ഇസ്രായേൽ തുടരുന്ന വ്യാപക ആക്രമണം മധ്യസ്ഥ നീക്കങ്ങൾക്ക് തിരിച്ചടിയാണ്. അന്തർദേശീയ മനുഷ്യാവകാശ ചട്ടങ്ങൾ ഒരു രാജ്യം പരസ്യമായി ലംഘിക്കുന്നത് അപകടകരമായ സന്ദേശമാണ് ലോകത്തിനു നൽകുന്നതെന്നും ഖത്തർ പ്രതികരിച്ചു. രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത അമേരിക്ക വൻതോതിൽ ടാങ്ക് ഷെല്ലുകൾ ഇസ്രായേലിന് വിൽക്കാൻ തീരുമാനിച്ചതും കടുത്ത പ്രതിഷേധത്തിനിടയാക്കി. അമേരിക്ക, ഇസ്രായേൽ നീക്കത്തിനെതിരെ ലോക രാജ്യങ്ങളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമായി.

ഗസ്സയിലെ കരയുദ്ധം രൂക്ഷമായി തുടരുകയാണ്. 10 ഇസ്രായേൽ സൈനികരെ വധച്ചതായി അൽഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. 10 ദിവസത്തിനുള്ളിൽ 180 സൈനിക വാഹനങ്ങൾ തകർത്തു. നെതന്യാഹുവിനോ സർക്കാറിനോ വൈറ്റ് ഹൗസിലെ സയണിസ്റ്റുകൾക്കോ ബലപ്രയോഗത്തിലൂടെ ഒരു ബന്ദിയെ പോലും മോചിപ്പിക്കാനാവില്ല എന്നതാണ് പരാജയപ്പെട്ട സൈനിക ഓപറേഷൻ തെളിയിക്കുന്നതെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബെദ പറഞ്ഞു.

1500ലേറെ സൈനികർക്ക് പുതുതായി പരിക്കേറ്റതായി ഇസ്രായേൽ സൈന്യം ഇന്ന് വെളിപ്പെടുത്തി. ഖാൻ യൂനുസ്, ജബാലയ, ശുജാഇയ മേഖലകളിലാണ് കരുയുദ്ധം രൂക്ഷമായി തുടരുന്നത്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News