രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ കുടുങ്ങും; പ്രത്യേക കാമറകളുമായി റാസൽഖൈമ പൊലീസ്
500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ
യു.എ.ഇയിലെ റാസൽഖൈമയിൽ രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെയും ഇനി റോഡരികിലെ കാമറകൾ പിടികൂടും. ഇതിനായി എമിറേറ്റിലെ റോഡുകളിൽ പ്രത്യേക കാമറകൾ വിന്യസിച്ചതായി റാസൽഖൈമ പൊലീസ് പൊലീസ് അറിയിച്ചു.
രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളുമായി റോഡിലിറങ്ങിയാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നമ്പർ പ്ലേറ്റും, ഇൻഷൂറൻസും കാലാവധി തീരുന്നതിന് 40 ദിവസം മുമ്പ് പുതുക്കണമെന്നാണ് നിയമം.
പിടിയിലായവർ പിഴയടച്ച് 14 ദിവസം പിന്നിട്ടിട്ടും രജിസ്‌ട്രേഷൻ പുതുക്കുന്നില്ലെങ്കിൽ വീണ്ടും പിഴയടക്കേണ്ടി വരും. 90 ദിവസം പിന്നിട്ടിട്ടും പുതുക്കൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വാഹനങ്ങൾ ഏഴ് ദിവസം പിടിച്ചുവെക്കുമെന്നും റാസൽഖൈമ പൊലീസ് വ്യക്തമാക്കി. രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങളെ പിടികൂടാൻ സ്ഥാപിച്ച വാഹനങ്ങളുടെ വീഡിയോ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.