യു.എ.ഇ റെസിഡൻസി വിസാ നിയമങ്ങളിൽ അടുത്തിടെ കൊണ്ടുവന്ന സുപ്രധാന മാറ്റങ്ങൾ എന്തെല്ലാം?

Update: 2023-02-07 14:30 GMT
Advertising

കഴിഞ്ഞ ഒക്ടോബറിലാണ് യു.എ.ഇ തങ്ങളുടെ വിസാ നിയമങ്ങളിൽ വലിയ മാറ്റങ്ങളും പരിഷ്‌കരണങ്ങളും കൊണ്ടു വന്നത്. വിസ സേവനങ്ങൾക്കുള്ള ഫീസ് വർദ്ധനയും വിസ കാലഹരണപ്പെട്ടതിന് ശേഷം രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പിരീഡുകളും ഉൾപ്പെടെ പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കിയിരുന്നു. ഇതിലെ ഏഴ് പ്രധാന മാറ്റങ്ങൾ നമുക്ക് പരിചയപ്പെടാം.

  • കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ചു. ഇതിൽ, ആൺ കുട്ടികൾക്ക് 25 വയസ്സ് തികയുന്നത് വരെയും അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെയും ഇനിമുതൽ സ്പോൺസർ ചെയ്യാമെന്നതാണ് വലിയ സവിശേഷത.
  • ഗോൾഡൻ വിസ ഉടമകൾക്ക് 10 വർഷത്തെ വിസയിൽ ഇനി മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം. മുമ്പ്, ദീർഘകാല റസിഡൻസി സ്‌കീമിൽ ഒരു വർഷത്തേക്ക് മാത്രമായിരുന്നു മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി ലഭിച്ചിരുന്നത്.
  • ഐ.സി.പി നൽകുന്ന എല്ലാ സേവനങ്ങൾക്കും 100 ദിർഹം വീതം ഫീസ് വർധിപ്പിച്ചതാണ് മറ്റൊരു പ്രധാന സംഭവം. എമിറേറ്റ്‌സ് ഐഡിക്കും റസിഡൻസി വിസകൾക്കും ഫീസ് വർധന ബാധകമായിരിക്കും.
  •  രാജ്യത്തെ ഫ്രീസോണുകളിൽ ഇഷ്യൂ ചെയ്യുന്ന വിസകളുടെ സാധുത മൂന്ന് വർഷത്തിൽ നിന്ന് രണ്ടായി കുറച്ചതാണ് പ്രവാസികൾക്ക് തിരിച്ചടിയായ മറ്റൊരു പ്രധാന മാറ്റം.
  • വിസാ കാലാവധി കഴിഞ്ഞ ശേഷം, യുഎഇയിൽ നിന്ന് പുറത്തുകടക്കാനുള്ള ഗ്രേസ് പിരീഡ് വർധിപ്പിച്ചു, മിക്ക കേസുകളിലും ഗ്രേസ് പിരീഡ് 60 മുതൽ 180 ദിവസം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
  •  പാസ്‌പോർട്ടിലെ വിസ സ്റ്റാമ്പിങ് നിർത്തലാക്കി, പകരമായി എമിറേറ്റ്‌സ് ഐഡി റെസിഡൻസി രേഖകളായി ഔദ്യോഗികമായി പരിഗണിച്ചു തുടങ്ങി.
  •  6 മാസത്തിലേറെയായി വിദേശത്ത് താമസിക്കുന്നവർക്ക് റീ-എൻട്രി പെർമിറ്റ് സംവിധാനം കൊണ്ടു വന്നതാണ് മറ്റൊരു പ്രധാന മാറ്റം. അത്തരം ആളുകൾ അതിനുള്ള കാരണം വ്യക്തമാക്കി ഒരു റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, അംഗീകാര തീയതി മുതൽ 30 ദിവസത്തിനകം അപേക്ഷകൻ രാജ്യത്ത് പ്രവേശിക്കണമെന്നുമാണ് നിബന്ധന.
Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News