യു.എ.ഇയിലെ പുതിയ തൊഴിൽനിയമത്തിലെ പ്രൊബേഷൻ നിബന്ധനകളെന്തെല്ലാം..?

Update: 2022-11-29 08:42 GMT
Advertising

യു.എ.ഇയിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പ്രൊബേഷൻ നിബന്ധനകളിൽ വല്ല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടോ..? രാജിവയ്ക്കുകയോ കമ്പനി പുറത്താക്കുകയോ ചെയ്താൽ നോട്ടീസ് പിരീഡിന്റെ കാലാവധി എത്രയായിരിക്കും...? ഇത്തരം നിരവധി സംശയങ്ങളാണ് പ്രൊബേഷൻ നിബന്ധനകളെക്കുറിച്ച് നിലവിലുള്ളത്.

യു.എ.ഇയിൽ, ഒരു തൊഴിലാളിയുടെ പ്രൊബേഷൻ പിരീഡ് ആറുമാസത്തിൽ കൂടാൻ പാടില്ലെന്നതാണ് നിലവിലുള്ള നിയമം പറയുന്നത്. ആറ് മാസ കാലയളവ് പൂർത്തിയായതിന് ശേഷവും തൊഴിലുടമ ഒരു ജീവനക്കാരനെ വീണ്ടും പ്രൊബേഷനിൽ നിർത്തുന്നത് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 9/2 പ്രകാരം കുറ്റകരമായ കാര്യമാണ്.

ഈ കാലയളവിൽ 14 ദിവസത്തെ നോട്ടീസ് പിരീഡ് നൽകി തൊഴിലുടമയ്ക്ക് ജീവനക്കാരനെ പിരിച്ചുവിടാൻ സാധിക്കും. പ്രൊബേഷണറി കാലയളവിൽ നിലവിലെ തൊഴിലിൽനിന്ന് രാജിവച്ച് മറ്റൊരു ജോലിക്ക് ചേരാൻ ഉദ്ദേശിക്കുന്ന ഒരു ജീവനക്കാരൻ, ഒരു മാസം മുമ്പെങ്കിലും തന്റെ നിലവിലെ തൊഴിലുടമയെ രേഖാമൂലം ഇക്കാര്യം അറിയിക്കേണ്ടതാണ്.

പുതിയ തൊഴിലുടമ ആദ്യ തൊഴിലുടമ ആവശ്യപ്പെട്ടാൽ ആ തൊഴിലാളിയുടെ റിക്രൂട്ട്‌മെന്റ് ചെലവുകൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യണം.

ഒരാൾ യു.എ.ഇയിൽനിന്ന് ജോലി തന്നെ ഉപേക്ഷിച്ച് പോവുകയാണെങ്കിൽ തൊഴിലുടമയ്ക്ക് 14 ദിവസത്തെ നോട്ടീസ് നൽകിയാണ് രാജിവയ്ക്കേണ്ടത്. പക്ഷെ, ഇത്തരത്തിൽ രാജിവച്ച ജീവനക്കാരൻ മൂന്ന് മാസത്തിനുള്ളിൽ യു.എ.ഇയിൽ തന്നെ പുതിയ ജോലിക്ക് ജോയിൻ ചെയ്യുകയാണെങ്കിൽ, പുതിയ തൊഴിലുടമ ആദ്യ തൊഴിലുടമയ്ക്കുണ്ടായ റിക്രൂട്ട്‌മെന്റ് ചെലവുകൾക്കും മറ്റും നഷ്ടപരിഹാരം നൽകേണ്ടിയും വരുന്നതായിരിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News