വേൾഡ് മലയാളി കൗൺസിൽ 14ാമത് ഗ്ലോബൽ കോൺഫറൻസ് ആഗസ്റ്റ് രണ്ടുമുതൽ

ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ പേരിലുള്ള അഞ്ച് ഭവനങ്ങളുടെ താക്കോൽദാനം സമ്മേളനത്തിൽ മുഖ്യമന്ത്രി നിർവഹിക്കും

Update: 2024-07-23 19:19 GMT
Advertising

ദുബൈ: വേൾഡ് മലയാളി കൗൺസിൽ 14ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ആഗസ്റ്റ് രണ്ടുമുതൽ അഞ്ചു വരെ തിരുവനന്തപുരത്ത് നടക്കും. വിടവാങ്ങിയ വ്യവസായ പ്രമുഖൻ ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ പേരിലുള്ള അഞ്ച് ഭവനങ്ങളുടെ താക്കോൽദാനം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ജീവകാരുണ്യ, സാഹിത്യ പുരസ്‌കാരങ്ങളും ചടങ്ങിൽ കൈമാറും.

ആഗസ്റ്റ് രണ്ട് മുതൽ അഞ്ചു വരെ തിരുവനന്തപുരം ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാർ, വ്യവസായ പ്രമുഖർ, സാംസ്‌കാരിക നേതാക്കൾ എന്നിവർ സംബന്ധിക്കും.

ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം 50 ലക്ഷം രൂപ ചെലവിട്ടുള്ള 'കാരുണ്യ ഭവനം പദ്ധതി' പ്രകാരം പൂർത്തീകരിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനം ആഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് സംഘാടകർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡോ.പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യുമാനിറ്റേറിയൻ ഗോൾഡൺ ലാന്റേൺ അവാർഡ് ഗൾഫാർ മുഹമ്മദലിക്ക് കൈമാറും. വേൾഡ് മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരം കവി പ്രഭാവർമക്കാണ്. അരലക്ഷം രൂപയും പ്രശംസാപത്രവുമാണ് അവാർഡ്. നിരവധി ജീവകാരുണ്യ പദ്ധതികളാണ് വേൾഡ് മലയാളി കൗൺസിൽ നടപ്പാക്കി വരുന്നത്.

കേരള നോളജ് ഇകോണമി മിഷനുമായി ചേർന്ന് നൈപുണ്യ വികസന രംഗത്തും തൊഴിൽ മേഖലയിലും പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതായും വേൾഡ് മലയാളി അസോസിയേഷൻ അറിയിച്ചു. മറ്റു സാരഥികളായ ഷൈൻ ചന്ദ്രസേനൻ, ജെറോ വർഗീസ്, മനോജ് മാത്യു, രാജേഷ് പിള്ള, ജിതിൻ അരവിന്ദാക്ഷൻ, ബാവ റേച്ചൽ എന്നിവരും സന്നിഹിതരായിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News