ദുബൈ വാട്ടർ കനാലിലേക്ക് ചാടിയ യുവാവിന് 5000 ദിർഹം പിഴ
ലഹരിയിലായിരുന്ന യുവാവിനെ മറൈൻ പട്രോളിങ് സംഘമാണ് രക്ഷപ്പെടുത്തിയത്
മയക്കുമരുന്ന് ലഹരിയിൽ ദുബൈ വാട്ടർ കനാലിലേക്ക് എടുത്ത്ചാടിയ യുവാവിന് 5000 ദിർഹം പിഴ വിധിച്ചു. കനാലിൽ ചാടിയ ജി.സി.സി പൗരനെ മറൈൻ പട്രോളിങ് സംഘമാണ് രക്ഷപ്പെടുത്തിയത്.
ഇയാളെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് നിയമവിരുദ്ധ മയക്കുമരുന്ന് ലഹരി തലക്കുപിടിച്ചാണ് വെള്ളത്തിലേക്ക് ചാടിയതെന്ന് കണ്ടെത്തിയത്.
ക്രിമിനൽ ലബോറട്ടറി റിപ്പോർട്ട് പ്രകാരം, ഫെഡറൽ നിയമത്തിൽ രേഖപ്പെടുത്തിയ മയക്കുമരുന്ന് പദാർത്ഥങ്ങളാണ് ഇയാൾ ഉപയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിനിടെ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ താൻ ഉപയോഗിച്ചതായി സമ്മതിച്ചെങ്കിലും കോടതിയിൽ തനിക്കെതിരായ ആരോപണങ്ങളെ ഇയാൾ നിഷേധിച്ചിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചത് മാനസിക രോഗ ചികിത്സക്ക് വേണ്ടിയാണെന്ന് അയാൾ കോടതിയിൽ ന്യായീകരിച്ചു. എന്നാൽ അവകാശവാദം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരിക്കുന്നത്.