“തനിക്കിനിയും ഈ ലോകത്ത് ജീവിക്കണം” മരിച്ചുപോയ 14കാരിയുടെ അപേക്ഷയില്‍ അനുകൂല നടപടിയുമായി ജഡ്ജി
എനിക്ക് വര്‍ഷങ്ങളോളം ജീവിക്കണം. ഭാവിയില്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകും. അപ്പോള്‍ വീണ്ടും ജീവിക്കാന്‍ കഴിയണം
ജീവിച്ച് കൊതി തീരാതെ മരണത്തിനു കീഴടങ്ങേണ്ടി വരിക. എന്തായിരിക്കും അപ്പോള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാവുക. ഇതാ ലണ്ടനില്‍ ഒരു 14 വയസ്സുകാരി പെണ്‍കുട്ടി തന്റെ മൃതദേഹം മറവു ചെയ്യരുത് തനിക്കിനിയും ഈ ലോകത്ത് ജീവിക്കണം എന്നാവശ്യപ്പെട്ട് മരിച്ചു പോയിരിക്കുന്നു. കോടതിയില്‍ രേഖാമൂലം നല്‍കിയ അപേക്ഷയില്‍ ഹൈകോടതി ജഡജി പീറ്റര്‍ ജാക്സണ്‍ പെണ്‍കുട്ടിക്ക് അനുകൂലമായ വിധിയും നല്‍കി .
'എനിക്ക് വര്‍ഷങ്ങളോളം ജീവിക്കണം. ഭാവിയില്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകും. അപ്പോള്‍ വീണ്ടും ജീവിക്കാന്‍ കഴിയണം. ഞാന്‍ മരിച്ചാല്‍ എന്റെ മൃതദേഹം മറവു ചെയ്യരുത്. ഫ്രീസറില്‍ സൂക്ഷിക്കണം. എന്നാല്‍, നൂറുവര്‍ഷത്തിനു ശേഷമാണെങ്കില്‍പോലും ലോകം ഈ രോഗത്തെ തോല്‍പിക്കുമ്പോള്‍ എനിക്ക് വീണ്ടും ജീവിക്കാമല്ലോ. ജീവിച്ചു കൊതി തീരാത്ത 14 വയസ്സുകാരി പെണ്‍കുട്ടിയുടെ കത്തിലെ വാക്കുകളായിരുന്നു ഇത്.
കാന്‍സര്‍ ബാധിച്ച് മരണാസന്നയായ പെണ്‍കുട്ടി മരണമുറപ്പായപ്പോള്‍ ജഡ്ജിക്കെഴുതിയ കത്തിലാണ് വിചിത്രമായ ആ വശ്യമുന്നയിച്ചത്.
ആവശ്യം കേട്ടപ്പോള്‍ മാതാപിതാക്കള്‍ ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും കത്ത് വായിച്ച ജഡ്ജി പീറ്റര്‍ ജാക്സണ്‍ അനുകൂലമായ വിധി നല്‍കി. ഇതേ തുടര്‍ന്ന് മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ക്രയോജനിക് പ്രിസര്‍വേഷന്‍ രീതിയില്‍ പെണ്‍കുട്ടിയുടെ ഭൌതിക ശരീരം സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് ഉഷ്മാവിലാണ് ക്രയോജനിക്കലി പ്രിസര്‍വ്ഡ് ശരീരങ്ങള്‍ സൂക്ഷിക്കുക. ഇവര്‍ക്ക് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അങ്ങനെ വിശ്വസിക്കുന്നവരുമുണ്ട്. അവസാനകാലത്ത് പെണ്‍കുട്ടി ഇന്‍റര്‍നെറ്റില്‍ തെരഞ്ഞതും ക്രയോജനിക് പ്രിസര്‍വേഷന്റെ സാധ്യതകളെക്കുറിച്ചായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. പുതിയ കണ്ടുപിടിത്തങ്ങള്‍ വരുമ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അവള്‍.